അഭിനയിക്കാത്ത ചിത്രങ്ങളിൽ ശബ്ദ സാന്നിധ്യമായി പലകുറി എത്തിയിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ അതിഥിവേഷങ്ങൾ കുറവാണ്. അതിനാൽത്തന്നെ അത്തരം വരവുകൾ കൗതുകവും ഉണർത്താറുണ്ട്. ഇപ്പോഴിതാ ഒരു യുവതാര ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഷറഫുദ്ദീനെ ടൈറ്റിൽ കഥാപാത്രമാക്കി ആൻറണി സോണി സംവിധാനം ചെയ്‍ത പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ അതിഥിവേഷം ഉള്ളതായി സോഷ്യൽ മീഡിയയിൽ പ്രചരണമുള്ളത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇതേക്കുറിച്ച് ആദ്യം ട്വീറ്റ് ചെയ്‍തത്.
കോമഡി എൻറർടെയ്‍നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ നൈല ഉഷയും അപർണ ദാസുമാണ് നായികമാർ. മറ്റുള്ളവരുടെ ഏത് കാര്യത്തിനും ഓടിയെത്താൻ മടിയില്ലാത്ത ആളാണ് ചിത്രത്തിലെ നായക കഥാപാത്രമായ പ്രിയദർശൻ. c/o സൈറ ബാനുവിനു ശേഷം ആൻറണി സോണി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രമാണിത്. അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സന്തോഷ് ത്രിവിക്രമൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻറെ രചന അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അനീഷ് സി സലിം, ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ, എഡിറ്റിംഗ് ജോയൽ കവി, സംഗീതം ലിജിൻ ബാംബിനോ, വരികൾ ശബരീഷ് വർമ്മ, വിനായക് ശശികുമാർ, പ്രജീഷ് പ്രേം, സൌണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, സൌണ്ട് മിക്സ് വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം രാജേഷ് പി വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്.