ദേശീയ പുരസ്‌ക്കാരത്തിന് താര രാജാക്കന്‍മാരുടെ പേരന്‍പും ഒടിയനും നേര്‍ക്കുനേര്‍?

ലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി . . . ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ അനവധി പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങിയ ഈ താരത്തിന്റെ അവസ്മരണീയമായ പ്രകടനത്തിനു മുന്നില്‍ അമ്പരന്നിരിക്കുകയാണ് ഇന്ത്യന്‍ സിനിമാമേഖല. പ്രശസ്ത തമിഴ് സംവിധായകന്‍ റാം സംവിധാനം ചെയ്ത പേരന്‍പ് എന്ന സിനിമയിലെ മമ്മൂട്ടിയുടെ അസാധാരണമായ അഭിനയ പ്രകടനം മുന്‍പ് തന്നെ തമിഴക സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു.

മമ്മൂട്ടി സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ ഈ ചിത്രം ഉണ്ടാവുമായിരുന്നില്ല, എന്നു സംവിധായകന്‍ ഓഡിയോ റിലീസിങ്ങ് സമയത്ത് പറഞ്ഞതാണ് ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരുന്നത്. ചിത്രീകരണം നടക്കുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെയും മകളുടെയും അഭിനയം കണ്ട് പൊട്ടിക്കരഞ്ഞ കാര്യം അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത് അത്ഭുതതോടെയാണ് സദസ്സ് കേട്ടിരുന്നത്.

ഇപ്പോള്‍ ഗോവ ചലച്ചിത്രമേളയിലെ അത്ഭുതപൂര്‍ണമായ പ്രതികരണത്തിലൂടെ മെഗാ താരത്തിന്റെ അഭിനയ മികവ് ദേശീയ തലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മേളയില്‍ മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത സ്വീകരണമാണ് ലഭിച്ചത്.

എന്നാല്‍ ഏറ്റവും അധികം കാണികള്‍ ഉണ്ടായിട്ടും മികച്ച ചിത്രമായിട്ടും മത്സര വിഭാഗത്തില്‍ പേരന്‍പിനെ പെടുത്തിയിട്ടില്ല. ബി.ജെ.പി സര്‍ക്കാറിന്റെ രാഷ്ട്രീയ ഇടപെടല്‍ മൂലമാണ് ഈ നടപടിയെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു. നൂതനമായ പ്രമേയവും താരങ്ങളുടെ അഭിനയ മികവും കൊണ്ട് പേരന്‍പ് മികച്ച ദൃശ്യാനുഭവമാണ് നല്‍കുന്നത്.

അതിഭാവുകത്വത്തിലേക്ക് കടക്കാതെ യാഥാര്‍ത്ഥ്യ ഭാവത്തോടെ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ സംവിധായകന്‍ റാം പൂര്‍ണ്ണമായും വിജയിച്ചിരിക്കുകയാണ്. മമ്മൂട്ടിയും മകളായി അഭിനയിക്കുന്ന സാധനയും മത്സരിച്ച് അഭിനയിക്കുന്നത് വീക്ഷിച്ച സിനിമാ നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നത് രാജ്യത്തെ അവാര്‍ഡ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് പേരന്‍പ് സ്ഥാപിക്കുമെന്നാണ്.

2018ല്‍ ദേശീയ അവാര്‍ഡിനായി പരിഗണിക്കപ്പെടുന്ന സിനിമയില്‍ മലയാളത്തിലെ ഒടിയനുമായി നേരിട്ട് ഏറ്റുമുട്ടുക തമിഴിലെ പേരന്‍പായിരിക്കും. ഡിസംബര്‍ 16ന് ആണ് മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ റിലീസ് ചെയ്യുന്നത്.

ശങ്കര്‍, രജനീകാന്ത്, അക്ഷയകുമാര്‍ കൂട്ടുകെട്ടിന്റെ 2.0 എന്ന രാജ്യത്തെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രവും ഡിസംബറിലാണ് റിലീസ് ചെയ്യുന്നത്. ടെക്നോളജിയേക്കാള്‍ ഭാവാഭിനയത്തിന് പ്രാമുഖ്യം കൊടുക്കുന്ന അവാര്‍ഡ് നിര്‍ണ്ണയത്തില്‍ 2.0 ക്ക് സ്ഥാനമുണ്ടാകില്ലെന്നാണ് സിനിമാ നിരൂപകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒടിയനില്‍ ഗ്രാഫിക്സ് ഉണ്ടെങ്കിലും അസാധാരണമായ അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചിരിക്കുന്നതെന്നും ദേശീയ അവാര്‍ഡ് ഉറപ്പാണെന്നുമാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ഈ സാഹചര്യത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഒടിയനും പേരന്‍പും തന്നെയാണ് ദേശീയ അവള്‍ഡ് നിര്‍ണ്ണയത്തില്‍ കടുത്ത പോരാട്ടം നടത്തുക.

അഭിനയ മികവിനൊപ്പം തന്നെ മോഹന്‍ലാലിന്റെ സംഘപരിവാര്‍ അനുഭാവവും മമ്മൂട്ടിയുടെ കമ്യൂണിസ്റ്റ് അനുഭാവവും പരിഗണിക്കാന്‍ വിധികര്‍ത്താക്കള്‍ തയ്യാറായാല്‍ വന്‍ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വരെ അത്തരം നടപടി കാരണമായേക്കും.

റിപ്പോര്‍ട്ട് : അഡ്വ. മനീഷ രാധാകൃഷ്ണന്‍

Top