മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് 15 ദിവസത്തില്‍ നേടിയത്, കളക്ഷൻ റിപ്പോർട്ട്

മ്മൂട്ടി നായകനായി വേഷമിട്ട പുതിയ ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് കുതിപ്പ് തുടരുകയാണ്. വൻ ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും കണ്ണൂര്‍ സ്‍ക്വാഡ് പിന്നീട് വൻ വിജയമായി മാറുകയായിരുന്നു. കണ്ണൂര്‍ സ്‍ക്വാഡിന്റെ റിലീസ് കുറഞ്ഞ സ്‍ക്രീനുകളില്‍ മാത്രമായിരുന്നു. എന്നാല്‍ കേരളത്തിനു പുറത്തും നൂറിലധികം തിയറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ ആഗോളതലത്തില്‍ 70 കോടി കവിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ മാത്രം നേടിയത് 33.50 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഇത്രയും നേടിയത് വെറും 15 ദിവസങ്ങളില്‍ നിന്നാണ് എന്നതിനാല്‍ വൻ വിജയമായിരിക്കുകയാണ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ്. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടത്. മമ്മൂട്ടി നിറഞ്ഞു നില്‍ക്കുന്ന ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ കണ്ണൂര്‍ സ്‍ക്വാഡ് ആരാധകരെ ആവേശത്തിലുമാക്കുന്നു.

റോബി വര്‍ഗീസ് രാജാണ് സംവിധാനം. സംവിധായകനായി റോബി വര്‍ഗീസ് രാജ് തുടക്കം മികച്ചതാക്കിയിരിക്കുന്നു. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ആണ്.

കണ്ണൂര്‍ സ്ക്വാഡില്‍ ജോര്‍ജ് മാര്‍ട്ടിനെന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി വിസ്‍മയിപ്പിക്കുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും മികച്ച പ്രകടനമാണ് മമ്മൂട്ടി നായകനായ ചിത്രമായ കണ്ണൂര്‍ സ്‍ക്വാഡില്‍ നടത്തിയിരിക്കുന്നു. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയില്‍ നിര്‍ണായകവുമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്.

Top