പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ‘മാമാങ്കം’ ട്രെയിലര്‍; കാഴ്ചയുടെ വിസ്മയം

‘മാമാങ്കം’ കാണാന്‍ അക്ഷമരായി കാത്തിരിക്കുന്ന എല്ലാവരും ഇപ്പോള്‍ യൂട്യൂബില്‍ തിരക്കിലാണ്. കാരണം മറ്റൊന്നുമല്ല മാമാങ്കത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. എം പത്മകുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ചിത്രം തീയ്യേറ്ററുകളിലെത്താന്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണ് ഉള്ളത്.

മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്ചുതന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷമിടുന്നു. വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

16, 17 നൂറ്റാണ്ടുകളിലായി തിരുനാവായില്‍, ഭാരതപ്പുഴ തീരത്ത് നടന്നിരുന്ന മാമാങ്ക മഹോത്സവം ആണ് ചിത്രത്തിന്റെ പ്രമേയം.അറബി, യവന, ചീന, ആഫ്രിക്കന്‍ വ്യാപാരികള്‍ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിന്റെ അധ്യക്ഷ പദം അലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതില്‍ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പുരണ്ട മഹാ ഇതിഹാസമായി മാറിയത്. മലബാറിലെ ബ്രിട്ടീഷ് കളക്ടറായിരുന്ന വില്യം ലോഗന്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഗസറ്റായ മലബാര്‍ മാന്വലില്‍ ഉള്‍പ്പെടെ മാമാങ്ക ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചിട്ടുള്ള മാമാങ്കത്തിന്റെ സെറ്റ് മലയാളികള്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിന് ഒരുക്കിയത്. മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത് ആയിരത്തോളം തൊഴിലാളികള്‍ അതും നാലുമാസം നീണ്ട അധ്വാനത്തിലൂടെ ആയിരുന്നു. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്. പത്ത് കോടിയിലേറെ രൂപ ചെലവിട്ടാണ് പടു കൂറ്റന്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്നു മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റുകളില്‍ ഒന്നാണ്.

നെട്ടൂരിലെ അവസാന ഘട്ട ചിത്രീകരണത്തില്‍ 3000 ആളുകള്‍ വരെ പങ്കെടുക്കുന്ന രംഗങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിത്രീകരിക്കുന്നുണ്ട്. ഡസന്‍ കണക്കിന് ആനകളും കുതിരകളും അവസാന ഘട്ട ചിത്രീകരണത്തില്‍ അണിനിരക്കും.

Top