കൊച്ചി : ക്യാംപസ് ചിത്രത്തില്‍ തിളങ്ങാന്‍ കോളേജ് അധ്യാപകനായി മമ്മൂട്ടി വെള്ളിത്തിരയില്‍.പുലിമുരുകന്‍ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ അജയ് വാസുദേവ് ഒരുക്കുന്ന ക്യാംപസ് ചിത്രത്തിലാണ് മമ്മൂട്ടി കോളേജ് അധ്യാപകനായി എത്തുന്നത്.
മമ്മൂട്ടിയുടെ സൂപ്പര്‍ സ്റ്റാര്‍ ഇമേജ് പൂര്‍ണമായും വിനിയോഗിക്കുന്ന ചിത്രമാകും ഇതെന്ന് കഥാകൃത്ത് ഉദയകൃഷ്ണ വ്യക്തമാക്കി.
22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും കോളേജ് അധ്യാപകനായി എത്തുന്നത്.1986 ല്‍ സ്‌നേഹമുള്ള സിംഹത്തിലും, 1995 ല്‍ കമല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ മഴയെത്തും മുമ്പെയിലുമായിരുന്നു നേരത്തെ മമ്മൂട്ടി കോളേജ് അധ്യാപകനായെത്തിയത്.
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സാജനാണ് സ്‌നേഹമുള്ള സിംഹം സംവിധാനം ചെയ്തത്.നേരത്തെ പുലിമുരുകന്‍ ടീം മമ്മൂട്ടി ചിത്രവുമായി എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുലിമുരുകന്‍ സംവിധായകന്‍ വൈശാഖും താനും പുതിയൊരു കഥയുമായി മമ്മൂട്ടിയെ സമീപിച്ചിരുന്നതായി ഉദയകൃഷ്ണ വ്യക്തമാക്കി.
എന്നാല്‍ അജയ് വാസുദേവുമൊത്തുള്ള മമ്മൂട്ടി ചിത്രത്തിലാണ് ഇപ്പോള്‍ കരാറൊപ്പിട്ടിരിക്കുന്നതെന്നും ഉദയ്കൃഷ്ണ അറിയിച്ചു. ചിത്രം അടുത്തവര്‍ഷം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി നായകനായ രാജാധിരാജ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അജയ് വാസുദേവ്. അതേസമയം സഹകഥാകൃത്തായ സിബി കെ തോമസിനൊപ്പം പോക്കിരിരാജ, തുറുപ്പുഗുലാന്‍ എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഉദയകൃഷ്ണ തൂലിക ചലിപ്പിച്ചിട്ടുണ്ട്.
നേരത്തെ അജയ് വാസുദേവ് ഉദയ്കൃഷ്ണ ടീം ദിലീപ് നായകനായ ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും, ദിലീപിന്റെ തിരക്ക് കാരണം നടക്കാതെ പോകുകയായിരുന്നെന്ന് ഉദയ്കൃഷ്ണ വ്യക്തമാക്കി.