നിർമ്മിച്ച ചിത്രങ്ങളുടെ ഗുണനിലവാരം കൊണ്ട് ചെറിയ കാലയളവിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി. നൻപകൽ നേരത്ത് മയക്കവും റോഷാക്കുമാണ് ഈ കമ്പനിയുടേതായി നിർമ്മിക്കപ്പെട്ട് പുറത്തെത്തിയ ചിത്രങ്ങൾ. കാതൽ, കണ്ണൂർ സ്ക്വാഡ് എന്നിവയാണ് ഈ ബാനറിൻറേതായി പുറത്തെത്താനുള്ള ചിത്രങ്ങൾ. നിർമ്മാണ കമ്പനിയുടെ ലോഗോയും വന്ന സമയത്ത് ചർച്ചയായിരുന്നു. എന്നാൽ ഈ ലോഗോ ഡിസൈനിൻറ മൗലികതയെക്കുറിച്ച് സംശയം പങ്കുവച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ഇന്നലെ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ചർച്ചയായിരുന്നു. ചർച്ചയുടെ ഗൗരവം തിരിച്ചറിഞ്ഞ് നിലവിലെ ലോഗോ പിൻവലിച്ചിരിക്കുകയാണ് മമ്മൂട്ടി കമ്പനി. ഇതിൻറെ ഭാഗമായി തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ലോഗോ മാറ്റിയിട്ടുണ്ട് മമ്മൂട്ടി കമ്പനി.
“കാലത്തിൻറെ മാറ്റത്തിനനുസരിച്ച് നിലകൊള്ളുകയെന്ന വിശാല ലക്ഷ്യത്തിൻറെ ഭാഗമായി ഞങ്ങളുടെ ലോഗോ ഒരു റീ-ബ്രാൻഡിംഗിലൂടെ കടന്നുപോകും. ഞങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ച മനപൂർവ്വമല്ലാത്ത ഒരു അശ്രദ്ധയെ ശ്രദ്ധയിൽ പെടുത്തിയവർക്ക് വലിയ നന്ദി”- ലോഗോ പിൻവലിച്ചുകൊണ്ടുള്ള കുറിപ്പിൽ മമ്മൂട്ടി കമ്പനി അറിയിച്ചു.
എം3ഡിബി ഗ്രൂപ്പിൽ ജോസ്മോൻ വാഴയിൽ എന്ന അംഗം ഇട്ട പോസ്റ്റ് ആണ് മമ്മൂട്ടി കമ്പനിയുടെ തീരുമാനത്തിന് വഴിവച്ചത്. ഏതോ ഇമേജ് ബാങ്കിൽ നിന്ന് എടുത്ത ഡിസൈനിൽ മമ്മൂട്ടി കമ്പനി എന്ന പേര് ആഡ് ചെയ്യുക മാത്രമാണ് പ്രസ്തുത ലോഗോയിൽ ചെയ്തിട്ടുള്ളതെന്നായിരുന്നു ജോസ്മോൻറെ നിരീക്ഷണം. സമാനമായ മറ്റു ചില ഡിസൈനുകൾ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്.