‘മാമാങ്ക’വുമായി ബന്ധപ്പെട്ടുണ്ടായ വിവാദം; മലയാള സിനിമയ്ക്ക് തന്നെ നാണക്കേടെന്ന് റസൂല്‍ പൂക്കുട്ടി

മുംബൈ: മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’വുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ പ്രതികരണം അറിയിച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി.

മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തെത്തുന്ന വാര്‍ത്തകള്‍ വിശ്വസിക്കാവുന്നതാണെങ്കില്‍ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണെന്നാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.

2018ല്‍ താന്‍ വായിച്ച തിരക്കഥകളില്‍ ഏറ്റവും മികച്ച തിരകഥകളില്‍ ഒന്നായിരുന്നു മാമാങ്കം. അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സാധ്യതകളും മാമാങ്കത്തിനുണ്ട്. അത്തരമൊരു സിനിമയെ കുറിച്ചുള്ള വിവാദങ്ങള്‍ സങ്കടമുണ്ടാക്കുന്നുവെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.

‘മാമാങ്ക’ത്തില്‍ നിന്ന് മുന്നറിയിപ്പ് കൂടാതെ യുവനടന്‍ ധ്രുവിനെ മാറ്റിയത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെ കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് നിര്‍മ്മാതാവ് ഒഴിവാക്കുകയും ചെയ്തിരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് സജീവ് പിന്നീട് മുഖ്യമന്ത്രിക്ക് അടക്കം പരാതിയും നല്‍കിയിരുന്നു.

Top