റഷ്യന്‍ ഭാഷയിലേക്കും മൊഴിമാറ്റത്തിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘മാസ്റ്റര്‍പീസ്‌’

മ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് ഒരുക്കിയ ചിത്രമായിരുന്നു മാസ്റ്റര്‍പീസ്. ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ റഷ്യന്‍ ഭാഷയിലേക്കും മൊഴിമാറ്റത്തിന്‌ ഒരുങ്ങുകയാണ് ചിത്രം. മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണിത്.

നോര്‍വെ ആസ്ഥാനമായ ഫോര്‍ സീസണ്‍ ക്രിയേഷന്‍സാണ് ചിത്രം റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഫോര്‍സീസണുമായി റോയല്‍ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

റോയല്‍ സിനിമാസിന്റെ ബാനറില്‍ എഴുത്തുകാരനായ സി.എച്ച് മുഹമ്മദാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ ഷാജോണ്‍, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂല്‍, ഗോകുല്‍ സുരേഷ് ഗോപി, പൂനം ബജ് വ, ലെന എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

2017 ഡിസംബറില്‍ റിലീസായ ചിത്രം രണ്ട് വര്‍ഷത്തിന് ശേഷമാണ് റഷ്യന്‍ ഭാഷയിലേക്ക് മൊഴി മാറ്റുന്നത്. അതേസമയം മാസ്റ്റര്‍പീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച പുരോഗമിക്കുന്നതായി നിര്‍മ്മാതാവ് സി.എച്ച് മുഹമ്മദ് അറിയിച്ചു.

Top