സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി, രാജ്യാന്തര ശ്രദ്ധ നേടിയ ഡിപ്ലോമ ഫിലിം ഒരുക്കിയ ശേഷം സിനിമാട്ടോഗ്രാഫറായി ബോളിവുഡിലെത്തിയ അമല്‍ നീരദ് സംവിധായകനായി മലയാളത്തില്‍ സ്വയം പരീക്ഷിച്ച ആദ്യ സിനിമയായിരുന്നു ബിഗ് ബി. റിലീസ് ചെയ്ത സമയത്ത് മികച്ച വിജയം ആയില്ലെങ്കിലും വേറിട്ട അവതരണം കൊണ്ട് ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പില്‍ക്കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ കള്‍ട്ട് പദവി നേടുന്ന തരത്തിലേക്ക് ബിഗ് ബി വളര്‍ന്നു. പത്ത് വര്‍ഷത്തിനിപ്പുറം 2017 ല്‍ ബിഗ് ബിയിലെ മമ്മൂട്ടിയുടെ നായകന്റെ പുനരവതരണമായ ബിലാല്‍ അമല്‍ നീരദ് പ്രഖ്യാപിച്ചത് വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ ഏറ്റെടുത്തത്. ബോക്‌സ് ഓഫീസില്‍ കൂറ്റന്‍ റെക്കോര്‍ഡുകള്‍ സൃഷ്ട്ടിക്കുകയോ മെഗാവിജയങ്ങളുടെ കണക്കുപട്ടികയില്‍ ഇടം പിടിക്കുകയോ ചെയ്ത ഒരു ചിത്രമല്ല ബിഗ് ബി. എന്നിട്ടും രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് അന്നൗന്‍സ് ചെയ്ത് ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും, ഓരോ അപ്‌ഡേറ്റിനായും പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്നു.
അമല്‍ നീരദിനോടും മമ്മൂട്ടിയോടും സാധ്യമായ എല്ലാ വേദികളിലും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഈ ചോദ്യം ചോദിക്കാറുണ്ട്. ബിലാല്‍ എപ്പോള്‍ എന്ന ചോദ്യം. മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷണല്‍ അഭിമുഖത്തിലും ഈ ചോദ്യം മമ്മൂട്ടിയെ തേടിയെത്തി. ‘അപ്‌ഡേറ്റ് വരുമ്പോള്‍ വരും. ഇത് നമുക്ക് അങ്ങനെ വരുത്താന്‍ ഒക്കില്ലല്ലോ. വരുമ്പോള്‍ വരും എന്നല്ലാതെ.. ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണ്ടേ അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. കമിംഗ് സൂണ്‍ ആണോ എന്ന് ഞാന്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നമ്മള്‍ പിടിച്ചുവലിച്ചാല്‍ വരില്ല ഇത്. അമല്‍ നീരദ് തന്നെ വിചാരിക്കണം’, മമ്മൂട്ടി പറഞ്ഞു. കൊവിഡ് പശ്ചാത്തലമാണ് ബിലാലിന്റെ വരവ് നീട്ടിയത്. ആ ഇടവേളയില്‍ ഭീഷ്മ പര്‍വ്വം എന്ന മമ്മൂട്ടി ചിത്രം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതും അമല്‍ അതുമായി മുന്നോട്ടുപോയതും. പതിനഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയും അമല്‍ നീരദും ഭീഷ്മ പര്‍വ്വത്തിലൂടെ ഒന്നിച്ചപ്പോള്‍ ആ സിനിമക്കുണ്ടായ പ്രീ റിലീസ് ഹൈപ്പും റിലീസിന് ശേഷം സിനിമ കൈവരിച്ച വിജയവുമൊക്കെ ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിന് വളര്‍ച്ച കൂടിയിട്ടുണ്ട്. ബിലാല്‍ എന്ന ചിത്രത്തിനെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഇതേ സംവിധായകനിലുള്ള പ്രതീക്ഷകൊണ്ട് കൂടിതന്നെയാണ്.