മമ്മൂട്ടിയോടൊപ്പം വീണ്ടും; സാറ ജോസഫിന്റെ ‘ആളോഹരി ആനന്ദവുമായി’ ശ്യാമപ്രസാദ്

മ്മൂട്ടിയെ നായകനാക്കി സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’ സിനിമയാക്കാനൊരുങ്ങുന്നതായി സംവിധായകൻ ശ്യാമപ്രസാദ്. ഉടനെ ചെയ്യാൻ വെച്ചിരിക്കുന്ന രണ്ട് പ്രൊജക്ടുകളിൽ ഒന്ന് അതാണെന്നും ജൂണിന് ശേഷമാണ് ചിത്രീകരണം തുടങ്ങാൻ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘വായിച്ചിട്ടുളളവർക്ക് മനസിലാകും, വളരെ ശക്തമായ പ്രമേയമുളള കഥയാണ് സാറാ ജോസഫിന്റെ ആളോഹരി ആനന്ദം. മനസ്സിൽ ഏറ്റവും അടുത്ത് നില്‍ക്കുന്ന പ്രൊജക്ടാണ് ചെയ്യാനിരിക്കുന്നത്. മൂന്ന് വര്‍ഷത്തോളമായി തിരക്കഥാ രചനയിൽ ആയിരുന്നു.’

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന പ്രൊജക്റ്റ് ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി എച്ച് മുഹമ്മദ് നിര്‍മ്മിക്കുന്ന അജയ് വാസുദേവ്, ശ്യാമ പ്രസാദ് എന്നിവരുടെ ചിത്രങ്ങളാണ് ചടങ്ങിൽ പ്രഖ്യാപിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് ചിത്രങ്ങളിലും മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുമെന്നാണ് സൂചന.

ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാന വേഷത്തിലെത്തി 2007-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഒരേ കടൽ’. മീര ജാസ്മിൻ, നരേൻ, രമ്യ കൃഷ്ണൻ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രം ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Top