സാമ്പ്രദായിക വിദ്യഭ്യാസ രീതികളുടെ പൊള്ളത്തരങ്ങളും വിദ്യഭ്യാസ മേഖലയിലെ കീഴ്‌വഴക്കങ്ങളെയും വരച്ച് കാട്ടി 2019ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘പതിനെട്ടാം പടി’. നവാഗതനായ ശങ്കര്‍ രാമകൃഷ്ണന്‍ ഒരു കൂട്ടം പുതുമുഖങ്ങള്‍ക്കൊപ്പം പ്രമുഖ താരങ്ങളെയും അണിനിരത്തി സംവിധാനം ചെയ്ത ചിത്രത്തിൽ എക്സ്റ്റന്‍ഡഡ് കാമിയോ വേഷത്തിലായിരുന്നു മമ്മൂട്ടി എത്തിയത്. ‘ജോണ്‍ എബ്രഹാം പാലക്കല്‍’ എന്ന സ്റ്റൈലിഷ് പ്രൊഫസറായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായാണ് പുതിയ വാർത്ത. ‘ഗ്യാങ്സ് ഓഫ് 18’ എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് പേരിട്ടിരിക്കുന്നത്.
മലയാളത്തിൽ പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍, പ്രിയാമണി, രാജീവ് പിള്ള, അഹാന കൃഷ്ണ, ചന്ദു നാഥ്, ബിജു സോപാനം, മുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്സ്, നന്ദു, അജയ് രാധാകൃഷ്ണൻ, അശ്വിൻ ഗോപിനാഥ് തുടങ്ങിയ താരങ്ങളായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വൈ എസ് രാജശേഖര റെഡ്ഡിയായി എത്തിയ ‘യാത്ര’ ആണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.