കൊച്ചി: വരള്‍ച്ചയും കൊടും ചൂടും നേരിടാന്‍ മലയാളികള്‍ ഒന്നിച്ചു രംഗത്തിറങ്ങണമെന്ന് നടന്‍ മമ്മൂട്ടി. വരള്‍ച്ച നേരിടാന്‍ സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കന്‍ തയാറാണെന്നു കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മമ്മൂട്ടി അറിയിച്ചു.
പ്രതിരോധ, ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ നാളെ സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും യോഗം കൊച്ചിയില്‍ ചേരുമെന്നും മമ്മൂട്ടി പറഞ്ഞു.
കേരളത്തില്‍ സ്ഥിതി കടുത്തതാവുകയാണ്. പലര്‍ക്കും ജോലി ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഭക്ഷണവും വെള്ളം ലഭ്യമല്ലാതാകുന്നു.
ഇപ്പോള്‍ സൂര്യാതപം മാത്രമാണ് നമ്മള്‍ നേരിടുന്നത്. സൂര്യാഘാതത്തിലെത്തുന്നതിനു മുമ്പു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിരോധ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
തമിഴ്നാട്ടില്‍ പ്രളയദുരിതമുണ്ടായപ്പോള്‍ ഏറ്റവും സഹായമുണ്ടായത് കേരളത്തില്‍നിന്നാണ്. നമ്മുടെ നാട്ടില്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ ഈ മനസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതാണ് താന്‍ രംഗത്തുവരാന്‍ കാരണം. ഓരോ നിമിഷം വൈകുന്തോറും ജലശേഖരം കുറയുകയാണ്. അടുത്തുതന്നെ മഴയുണ്ടാകുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, ഒരു ദുരന്ത സാഹചര്യമുണ്ടാകുന്നത് ചെറുക്കാന്‍ എല്ലാ മലയാളികള്‍ക്കും കടമുയുണ്ട്.