തമിഴ് ഗ്രാമീണ കഥാപാത്രവുമായി മമ്മൂട്ടി; ‘നന്‍പകല്‍’ പുതിയ സ്റ്റില്‍ പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായി നായകനാവുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. തികഞ്ഞ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രമാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ഒരു പുതിയ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴെത്തിയിരിക്കുന്ന സ്റ്റില്ലും അങ്ങനെതന്നെ.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ആ സമയത്ത് തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Top