കൊല്‍ക്കത്ത: ത്രിപുരയിലെ ബിജെപിയുടെ ചരിത്ര വിജയത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനേയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ത്രിപുരയില്‍ ബിജെപിക്ക് കോണ്‍ഗ്രസ് ഓക്‌സിജന്‍ നല്‍കിയിരിക്കുകയാണെന്ന് മമത പറഞ്ഞു.
ബിജെപിക്കെതിരെ പൊതുവേദി ഉണ്ടാക്കാമെന്ന് വ്യക്തിപരമായി താന്‍ പറഞ്ഞതാണ്. എന്നാല്‍ അത് നിഷേധിക്കപ്പെട്ടെന്നും അവര്‍ വ്യക്തമാക്കി.
സുദീര്‍ഘമായ ഇടതുഭരണം മൂലമുള്ള ഭരണവിരുദ്ധ വികാരം വ്യക്തമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഗൗരവമായി ഇടപെട്ടിരുന്നെങ്കില്‍ ബിജെപി 10 സീറ്റില്‍ ഒതുങ്ങുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വലിയ തോതില്‍ ത്രിപുരയില്‍ ബിജെപി പണമൊഴുക്കി. അവര്‍ പുറത്തുനിന്നും ആളുകളെ ഇറക്കി. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ നിയോഗിച്ചു. പല സ്ഥലങ്ങളിലും വോട്ടെണ്ണല്‍ യന്ത്രത്തില്‍ പ്രശ്‌നങ്ങളുണ്ടായി. താന്‍ അദ്ഭുതപ്പെടുന്നത്, സിപിഎം ഇതിനെയൊന്നും എതിര്‍ത്തില്ലെന്നതാണ്. അവര്‍ ബിജെപിക്കു മുന്നില്‍ സമ്പൂര്‍ണമായും അടിയറവു പറഞ്ഞുവെന്നും മമത ചൂണ്ടിക്കാട്ടി.