സിങ്കൂര്‍ പാര്‍ട്ടിയെ കൈവിട്ടെങ്കില്‍ അത് പാര്‍ട്ടിയുടെ പിഴവ്; മമത ബാനര്‍ജി

mamatha-banarji

കൊല്‍ക്കത്ത: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിങ്കൂര്‍ മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസിനെ തഴഞ്ഞത് പാര്‍ട്ടിക്ക് സംഭവിച്ച പിഴവ് കൊണ്ടാണെന്ന് പാര്‍ട്ടി അദ്ധ്യക്ഷ മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന അവലോകന യോഗത്തിലാണ് മമത പാര്‍ട്ടിയുടെ പിഴവിനെക്കുറിച്ച് പരാമര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ട മണ്ഡലങ്ങളും യോഗത്തില്‍ മമത കൃത്യമായി അവലോകനം ചെയ്തു. അറംബാഗിലും ശ്രീറാംപൂറിലും നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും മൂന്ന് പാര്‍ലമെന്ററി സീറ്റുകള്‍ ഉള്‍പ്പെട്ട ജില്ലയായ ഹൂഗ്ലി നഷ്ടമായത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വന്‍ പരാജയമായിരുന്നു.

ബിജെപി വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയാണ് വിജയിച്ചതെന്ന് ആരോപിക്കുമ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ സഹായങ്ങള്‍ക്ക് പകരമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണം വാങ്ങാറുണ്ടെന്ന് പലരും തനിക്ക് പരാതി നല്‍കിയതായും മമത പറഞ്ഞു.

മമതയ്ക്ക് പശ്ചിമ ബംഗാളിലെ മുഖ്യ മന്ത്രി സ്ഥാനം നേടി കൊടുത്തതില്‍ പ്രധാന പങ്ക് വഹിച്ച ജില്ലയാണ് ഹ്ലൂഗി. സിങ്കൂരില്‍ നാനോ കാര്‍ ഫാക്ടറി നിര്‍മ്മിക്കുന്നതിനായി കര്‍ഷകരുടെ പക്കല്‍ നിന്നും ഭൂമി ഏറ്റെടുത്തതിനെതിരെ മമത രൂക്ഷമായി പ്രതിഷേധിച്ചിരുന്നു. പിന്നീട് കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പ്രതിസന്ധി ഘട്ടങ്ങളില്‍ തൃണമൂലിനെ പിന്തുണച്ച സിങ്കൂര്‍ തെരഞ്ഞെടുപ്പില്‍ കൈവിട്ടത് പാര്‍ട്ടിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍

Top