കോല്‍ക്കത്ത: ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞെന്നും ബിജെപി ഭരണകാലത്ത് രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേദിയിലിരുത്തി മമത പറഞ്ഞു.
ഇത് പ്രതിപക്ഷ ഐക്യമുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കേണ്ട സമയമല്ല. അത് പിന്നീട് ചര്‍ച്ച ചെയ്യാം. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരാജയപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. വര്‍ഷങ്ങളായി രാജ്യത്തെ കൊള്ളയടിച്ച ബിജെപി ഇപ്പോള്‍ പിന്നോക്കം പോകുകയാണ്. എന്തു വാഗ്ദാനങ്ങള്‍ നല്‍കിയാലും ന്ധഅച്ഛാദിന്‍’ തിരിച്ചുകിട്ടില്ല- മമത പറഞ്ഞു.
ഇന്നു നടത്തിയ ചരിത്രപരമായ റാലിയുടെ സന്ദേശം ബിജെപിയെ ഒഴിവാക്കി രാജ്യത്തെ രക്ഷിക്കൂ എന്നതാണ് എന്ന് മമത യോഗത്തിനുശേഷം ട്വിറ്ററില്‍ കുറിച്ചു. 15 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ മമതയുടെ റാലിയില്‍ പങ്കെടുത്തിരുന്നു.