കൊല്‍ക്കത്ത: ജിഎസ്ടി കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു വിഖ്യാത മണ്ടത്തരമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച അര്‍ധരാത്രി സമ്മേളിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ത്രിണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു.
ഫേസ്ബുക്കിലൂടെയാണ് മമതയുടെ പ്രതികരണം.
ചെറുകിട, ഇടത്തരം ബിസിനസ് സമൂഹം മുഴുവന്‍ ഭയപ്പാടിലും ആശങ്കയിലുമാണ്. കാലാകാലങ്ങളില്‍ തങ്ങള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. മരുന്നുകള്‍ ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനു ജിഎസ്ടി കാരണമാകുമെന്ന ആശങ്കയുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് തുടക്കം മുതല്‍ ജിഎസ്ടിയെ അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന രീതി ആശങ്കാജനകമാണെന്നും അവര്‍ ഫേസ്ബുക്കില്‍ പറയുന്നു. തൃണമൂല്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷത്ത് സമ്മര്‍ദ്ദമേറിയിരിക്കുകയാണ്.