കൊല്‍ക്കത്ത: ലൗ ജിഹാദ് ആരോപിച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയുടെ കുടുംബത്തിന് മമത സര്‍ക്കാറിന്റെ സഹായം.
മൂന്ന് ലക്ഷം രൂപയും കുടുംബത്തിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഗ്ദാനം.
രാജസ്ഥാനില്‍ സംഭവിച്ചത് വളരെ ദു:ഖകരമായ കാര്യമാണെന്നും, മാല്‍ഡയിലെ അഫ്രസുല്‍ ഖാന്‍ മൃഗീയമായ രീതിയില്‍ രാജസമന്ദില്‍ കൊല്ലപ്പെടുകയായിരുന്നെന്നും, ദുരിതത്തിലായ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും കുടുംബത്തിലെ യോഗ്യതയുള്ള വ്യക്തിക്ക് ജോലിയും നല്‍കുമെന്നും മമത പറഞ്ഞു.
ബുധനാഴ്ചയാണ് രാജസ്ഥാനില്‍ സഹോദരിയെ പ്രണയിച്ച മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
രാജസ്ഥാനിലെ രാജസമന്ദിലാണ് ഭീതിജനകമായ സംഭവം അരങ്ങേറിയത്.
സഹോദരിയോട് മുസ്ലീം യുവാവിനുള്ള പ്രണയം ലൗ ജിഹാദാണെന്ന് ആരോപിച്ചാണ് ഈ ക്രൂരത നടത്തിയത്.
ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ വീഡിയോയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയായ മുഹമ്മദ് അഫ്രസുള്‍ ആണ് കൊല്ലപ്പെട്ട വ്യക്തിയെന്നും അക്രമി രാജസമന്ദ് സ്വദേശിയായ ശംഭുലാല്‍ റഗാര്‍ ആണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ശംഭുലാലിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു.
ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി അഫ്രസുളിനെ സംഭവ സ്ഥലത്തെത്തിച്ചത്.
സംഭവത്തിന്റെ ഓരോ വിശദാംശങ്ങളും ചിത്രീകരിക്കാനായി പ്രതിക്ക് ഒരു സുഹൃത്തിന്റെ സഹായവും ലഭിച്ചിരുന്നു.
ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാകുന്ന അഫ്രസുള്‍ ദയവുണ്ടാകണമെന്ന് ശംഭുലാലിനോട് യാചിക്കുന്നതും, അതിന് ശേഷം അഫ്രസുളിനെ പ്രതി ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
അക്രമിയുടെ സഹോദരിയുമായി അഫ്രസുളിനുണ്ടായിരുന്ന ബന്ധമാണ് ക്രൂരമായ കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.