സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് ചെന്നെത്തുന്നതെന്നും നടി മംമ്ത. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വനിതാസംഘടനയുടെ ആവശ്യമുണ്ടായിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് തന്നോട് ചോദിച്ചിരുന്നു. അത് പെട്ടെന്നുണ്ടായ സംഭവമല്ല. വളരെ മുന്‍പ് തന്നെ തുടങ്ങിയ പ്രശ്‌നമാണെന്നും താരം പറയുന്നു.
ആക്രമിക്കപ്പെട്ട നടിയോട് കുറ്റാരോപിതനായ നടന് വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയിലെ പലരും ഇത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നം വളരെ നേരത്തെ തുടങ്ങിയതാണ്. ഒരു പ്രശ്‌നം ഉണ്ടാക്കുമ്പോഴോ, ഒരു വിഷയത്തില്‍ ഇടപെടുമ്പോളോ അതുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായേക്കാവുന്ന കാര്യങ്ങള്‍ കൂടി നേരിടാനും തയ്യാറാവണമെന്നും താരം പറയുന്നു.
2005-2006 സമയത്താണ് ഞാന്‍ അവസാനമായി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്. അതിന് ശേഷം ഞാന്‍ ഒരു യോഗത്തില്‍ പോലും പങ്കെടുത്തില്ല. സ്ത്രീകളുടെ പരാതി പരിഹാരത്തില്‍ അമ്മ എത്ര ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ എനിക്ക് എന്റേതായി ഡീല് ചെയ്യാന്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. പലതിലുമുള്ള എന്റെ പങ്കാളിത്തം അതുകൊണ്ട് തന്നെ വിരളമായിരുന്നു. ഞാന്‍ വന്നു എന്റെ ജോലി ചെയ്തു മടങ്ങി പോയി. ഞാന്‍ എല്ലായ്‌പ്പോഴും അങ്ങനെ ആയിരുന്നു എന്നത് എനിക്ക് നല്ലതാണെന്ന് തോന്നുന്നു’ മംമ്ത പറഞ്ഞു.
‘കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. കാണാന്‍ ഭംഗിയുള്ള, സെല്‍ഫ് അവെയര്‍ ആയിട്ടുള്ള സ്വതന്ത്രയായ ഒരു സ്ത്രീക്ക് അതിജീവിക്കാനും, ശക്തയായി നിലകൊള്ളാനും വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തോന്നുന്നു, സമൂഹത്തിന് അവരുടെ ശക്തിയെ വെല്ലുവിളിക്കാന്‍ ഇഷ്ടമാണെന്ന്. അന്യായമായ ചില കാര്യങ്ങളുടെ ഇരയായി ഞങ്ങള്‍ മാറാറുണ്ട്. എനിക്ക് തോന്നുന്നു ആവറേജ് ലുക്കിങ് (ശരാശരി ഭംഗിയുള്ള) സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്ന് ജീവിതത്തിന്റെ എല്ലാ വശങ്ങളിലും, റിലേഷന്‍ഷിപ്പുകളിലും പ്രൊഫഷനിലുമെല്ലാം. അവര്‍ യഥാര്‍ത്ഥത്തില്‍ നന്നായി ജീവിക്കുന്നു’ മംമ്ത പറഞ്ഞു.
ലൈംഗികമായി മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ ഏതെങ്കിലും തരത്തില്‍ മോശമായി പെരുമാറുന്നവരെ പോത്സാഹിപ്പിച്ചിട്ടുണ്ടാകുമെന്നാണ് തനിക്ക് തോന്നുന്നത്. അത്തരത്തിലുള്ള മോശം സംഭവങ്ങള്‍ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെയെന്നും താരം വ്യക്തമാക്കി.