കോട്ടയം:യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒളിവില്‍പോയ പ്രതി 23 വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ അറസ്റ്റില്‍.എരുമേലി കല്ലടവില്‍ റോയി തോമസിനെയാണ്(45) കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കോട്ടയം സബ് ജയിലിലേക്ക് മാറ്റി.
1996-ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി, ഡല്‍ഹിയിലെത്തി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു.
കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലിരുന്ന ഈ കേസിന്റെ കാലപ്പഴക്കം പരിഗണിച്ച് എത്രയും വേഗം പ്രതിയെ പിടികൂടാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി അന്വേഷണം തുടങ്ങുകയായിരുന്നു. അന്വേഷണ സംഘം പ്രതിയുടെ ബന്ധുക്കളോട് അന്വേഷിച്ചപ്പോള്‍ പ്രതിയുടെ രക്ഷിതാക്കള്‍ മരിച്ചപ്പോള്‍ പോലും വിവരം അറിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞത്.
തുടര്‍ന്ന് ബന്ധുക്കളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ച പൊലീസ് ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് കോളുകള്‍ വരുന്നതായി കണ്ടെത്തി.ഡല്‍ഹിയില്‍ വിവാഹം കഴിച്ച് കുടുംബമായി താമസിക്കുന്നുവെന്ന വിവരം മാത്രം ലഭിച്ച അന്വേഷണസംഘം ഡല്‍ഹി പോലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
വിവിധ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് പ്രതിയുടെ പേരുമായി സാമ്യമുള്ള 25-ലേറെ ആളുകളെ കണ്ട് രഹസ്യാന്വേഷണം നടത്തിയതില്‍ എരുമേലിക്കാരനായ റോയിസ് തോമസ് എന്നൊരാള്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെത്തി താമസമുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ ഫോട്ടോ ശേഖരിച്ച് നാട്ടിലേക്ക് അയച്ച് പ്രതിയെന്ന് ഉറപ്പാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
എരുമേലി പോലീസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് ഖാന്‍, എ.എസ്.ഐ.മാരായ എം.എ.ബിനോയി, എ.ജെ.ഷാജി, സി.പി.ഒ. കെ.എസ്.അഭിലാഷ്, ശ്യാം എസ്.നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.