മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കിട്ടു, ദേഷ്യം തീര്‍ത്തത് കുട്ടിയില്‍

father

ഹൈദരാബാദ്: മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കിട്ടയാള്‍ ദേഷ്യം തീര്‍ത്തത് കുട്ടിയുടെ നേര്‍ക്ക്. മൂന്നു വയസുകാരനായ മകനെ ഓട്ടോറിക്ഷക്കു മുകളില്‍ ഇടിച്ചു പരിക്കേല്‍പിച്ചാണ് ശിവഗൗഡ എന്നയാള്‍ ഭാര്യയോടുള്ള ദേഷ്യം തീര്‍ത്തത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മദ്യലഹരിയില്‍ ഭാര്യയുമായി വഴക്കിട്ട് മൂന്നുവയസ്സുള്ള കുഞ്ഞിനെ കാലില്‍ തൂക്കി മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ മുന്‍ഭാഗത്ത് അടിക്കുകയായിരുന്നു ആ പിതാവ്. അയല്‍വാസികളിലാരോ പകര്‍ത്തിയ ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കുട്ടിയെ പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

എന്നാല്‍ സംഭവത്തില്‍ കുട്ടിയുടെ മാതാവ് ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിനു ശേഷം കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈനിനു കൈമാറുകയും ചെയ്തു. പ്രതിയായ ശിവഗൗഡ ഒളിവിലാണ്.

ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയിലാണ് സംഭവം. ഗൗഡ അമിതമായി മദ്യപിച്ച് വന്ന് വീട്ടില്‍ വഴക്കുണ്ടാക്കുകയും കുട്ടിയുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയുമായിരുന്നു. ഗൗഡയുടെ ഭാര്യ കുഞ്ഞിനെ ആക്രമിച്ച ഭര്‍ത്താവിനെതിരെ പരാതിയില്ലെന്ന നിലപാടിലാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ചൈല്‍ഡ് കൈയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊലീസ് സ്വമേധായ ഗൌഡയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പിതാവ് അപകടകാരിയാണെന്ന് തെളിഞ്ഞതിനാല്‍, കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

Top