ബൾഗേറിയൻ മാധ്യമ പ്രവർത്തകയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

viktoria

ജർമ്മനി: മാധ്യമ പ്രവർത്തകയായ വിക്ടോറിയ മാറിനോവയെ കൊലപ്പെടുത്തിയ ബൾഗേറിയൻ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെന്ന് സംശയം തോന്നിയ ആളെ ഇന്നലെ തന്നെ, അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇന്നാണ് പ്രതി അയാൾ തന്നെ എന്ന് ഉറപ്പിക്കുന്നത്. പ്രധാന മന്ത്രി ബോയ്കോ ബോറിസോവിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. ആളുകളുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദം കാരണമാണ് അറസ്റ്റ് ഉടൻ ഉണ്ടായത്.

കഴിഞ്ഞ ദിവസമാണ് ബൾഗേറിയൻ മാധ്യമ പ്രവർത്തകയായിരുന്ന വിക്ടോറിയ മറിനോവയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. റൂസ് നഗരത്തിലാണ് വിക്ടോറിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യൂറോപ്പിനെ ആകെ പിടിച്ചു കുലുക്കിയ ഈ ക്രൂര കൃത്യം ശനിയാഴ്ചയാണ് അരങ്ങേറിയത്. ഈ വർഷം ഇത് മൂന്നാം തവണയാണ് യൂറോപ്പിൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്നത്. വിക്ടോറിയ ഒരു പ്രധാന മാധ്യമത്തിലെ ടോക്ക് ഷോയുടെ അവതാരകയായിരുന്നു. വിക്ടോറിയയുടെ കൊലയ്ക്ക് പിന്നിലെ ലക്ഷ്യവും, ഇതും അവരുടെ ജോലിയുമായി ഉള്ള ബന്ധവും ഒക്കെ അന്വേഷിക്കണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

“സത്യവും അഴിമതിയുമായി ഉള്ള പോരാട്ടത്തിൽ വീണ്ടും ഒരു ധൈര്യവതിയായ മാധ്യമ പ്രവർത്തക കൊല്ലപ്പെട്ടിരിക്കുന്നു,” എന്നാണ് വിക്ടോറിയയുടെ മരണത്തിൽ യുറോപ്പിയൻ കമ്മീഷന്റെ വൈസ് പ്രസിഡന്റ് ആയ ഫ്രാൻസ് ടിമ്മർമാൻ പ്രതികരിച്ചത്. വിക്ടോറിയയുടെ കൊലപാതകവുമായി അവരുടെ ജോലിക്കുള്ള ബന്ധം വ്യക്തമാക്കുന്ന ഒരു തെളിവ് പോലും ലഭിച്ചിട്ടില്ല എന്നാണ് പോലീസ് അധികൃതർ പറയുന്നത്. വിക്ടോറിയ ഒരു ടെലിവിഷൻ അവതാരക മാത്രമായിരുന്നു. അവർക്ക് ഇൻവെസ്റ്റിഗേഷൻ സ്വഭാവമുള്ള ജോലികൾ ഒന്നും തന്നെ നൽകിയിരുന്നില്ല താനും. എന്നാൽ പീഡനവും തുടർന്നുള്ള കൊലപാതകവും വലിയ നിഗൂഢതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Top