കോട്ടയം: കൊവിഡ് ബാധിച്ച് മരിച്ച തിരുവല്ല സ്വദേശിക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നല്ല ചികിത്സ കിട്ടിയില്ലെന്നും, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വലിയ തുക ഈടാക്കിയെന്നും ഗുരുതര ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മരിച്ച പി ടി ജോഷിയുടെ കുടുംബമാണ് ആരോപണവുമായി എത്തിയത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്ന് കാണിച്ചും കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സക്ക് വലിയ തുക നല്‍കേണ്ടി വന്നുവെന്നും കാണിച്ച് ജോഷിയുടെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ ഈ ആരോപണത്തെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അവശനിലയില്‍ പ്രവേശിപ്പിച്ച ജോഷിയെ ഇരുപത്തിയഞ്ചാം തീയതി വൈകിട്ടോടെ വിദഗ്ധ ചികിത്സ നല്‍കാനാകുന്ന കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നാല് ദിവസത്തോളം വെന്റിലേറ്ററിലായിരുന്ന ജോഷിയുടെ മരുന്നുകള്‍ക്ക് മാത്രമായി എണ്‍പത്തിയയ്യായിരം രൂപ ചെലവായെന്നാണ് കുടുംബം പറയുന്നത്. ജോഷിക്ക് നല്‍കിയ ഇന്‍ജക്ഷനില്‍ ഒന്ന് കേരളത്തിലാദ്യമായി പരീക്ഷിക്കുന്ന ഇഞ്ചക്ഷനായിരുന്നുവെന്നും കുടുംബം പറയുന്നു. അത് പുറത്ത് നിന്ന് വരുത്തിപ്പിക്കുകയാണ് ചെയ്തത്. ഇതില്‍ ഒരു ഇഞ്ചക്ഷന് മാത്രം ഏതാണ്ട് മുപ്പത്തിയയ്യായിരം രൂപയായി”, എന്നാണ് മരുമകള്‍ ബിബി ലിജു പറയുന്നത്.
പത്തനംതിട്ട ആശുപത്രിയില്‍ എത്തിയപ്പോള്‍ എക്‌സ്‌റേ എടുക്കുന്നതുള്‍പ്പടെ വൈകിയെന്നും കുടുംബം ആരോപിക്കുന്നു.എന്നാല്‍, ആരോപണങ്ങളെല്ലാം ഡിഎംഒയും ആശുപത്രി ആര്‍എംഒയും നിഷേധിച്ചിട്ടുണ്ട്. രോഗം മൂര്‍ച്ഛിക്കുമെന്ന സാഹചര്യത്തില്‍ മാത്രമേ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാറുള്ളൂ. അതല്ലെങ്കില്‍ പത്തനംതിട്ടയിലെ കൊവിഡ് പ്രത്യേക ആശുപത്രിയായ ജനറലാശുപത്രിയില്‍ത്തന്നെയാണ് ചികിത്സിക്കാറ്.
ജോഷിയ്ക്ക് കടുത്ത പ്രമേഹമുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. ഒപ്പം നല്ല വണ്ണവുമുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ഏതാണ്ട് 94 കിലോ ഭാരമുണ്ടായിരുന്നു എന്ന് നേരത്തേ ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കിയിരുന്നതാണ്.മരുന്നിന്റെ ചെലവിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജും നിഷേധിക്കുകയാണ്. ജോഷിക്ക് വിദേശത്ത് നിന്ന് വിലകൂടിയ മരുന്ന് വരുത്തിയത് കുടുംബം ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.