നിര്‍മാണത്തിലിരുന്ന കലുങ്കില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കൊല്ലം: അറ്റകുറ്റ പണികള്‍ നടക്കുന്ന പുനലൂര്‍- അഞ്ചല്‍ ദേശീയ പാതയില്‍ നിര്‍മ്മാണത്തിലിരുന്ന കലുങ്കില്‍ വീണ് യുവാവ് മരിച്ചു. കൊല്ലം കരവാളൂര്‍ സ്വദേശി പ്രവീണാണ് മരിച്ചത്. തൊളിക്കോട് ഫയര്‍ സ്റ്റേഷന് മുന്നിലെ നിര്‍മ്മാണം നടക്കുന്ന കലുങ്കില്‍ വീണാണ് ബൈക്കില്‍ വരികയായിരുന്ന പ്രവീണിന് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. പാതയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ യാതൊരുവിധത്തിലുമുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

അതേസമയം, കരാറുകാരനെതിരെയും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയും നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡും പൊതുമരാമത്ത് ഓഫീസും ഉപരോധിച്ചു.

Top