ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു.ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വില്ലുപുരം സ്വദേശി ആയ 51 കാരന് അബ്ദുള്‍ റഹ്മാനാണ് മരിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കൊവിഡ് ലക്ഷണങ്ങളോടെ വില്ലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് രാവിലെ 7.40 ന് ഇയാള്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.
സമ്മേളനത്തില്‍ പങ്കെടുത്ത 58കാരന്‍ സേലത്ത് മരണപ്പെട്ടെങ്കിലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നിസാമുദ്ദിനിലെ സമ്മേളത്തില്‍ പങ്കെടുത്ത് മാര്‍ച്ച് 18നാണ് 58കാരനായ സേലം സ്വദേശിയും മടങ്ങിയെത്തിയത്. സേലത്ത് നിന്നുള്ള 57 അംഗ സംഘത്തിനൊപ്പം തമിഴ്‌നാട് എക്‌സ്പ്രസിലാണ് ഇയാള്‍ തിരിച്ചെത്തിയത്. ഇയാള്‍ക്ക് വൃക്കസംബന്ധമായ അസുഖവും പ്രമേഹവും ശ്വാസതടസവുമുണ്ടായിരുന്നു. ഇയാളുടെ പരിശോധന ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.
അതേസമയം സംസ്ഥാനത്ത് നാലുദിവസത്തിനിടെ 380 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.രോഗികളുടെ എണ്ണം നാനൂറ് കടന്നതോടെ വൈറസിന് ജനിതക മാറ്റം സംഭവിച്ചോയെന്നു പഠിക്കാനായി തമിഴ്‌നാട് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പലര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വൈറോളജി, വെറ്റിനറി വിദഗ്ധരടങ്ങുന്ന സംഘത്തെ പഠനത്തിനായി നിയോഗിച്ചത്.
നിസാമുദ്ദിനില്‍ നിന്ന് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ 1130 പേരില്‍ 1103 പേര്‍ ഇപ്പോള്‍ ഐസൊലേഷനിലാണ്. നിസാമുദ്ദിനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം പ്രദേശിക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തിയതിനാല്‍ ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പലരും സഹകരിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടികാട്ടി.
നിയന്ത്രണങ്ങള്‍ മറികടന്ന് 300ലധികം പേരാണ് തെങ്കാശിയില്‍ പ്രാര്‍ഥനാ ചടങ്ങിനെത്തിയത് . പൊലീസ് ലാത്തിവീശിയാണ് പള്ളിയില്‍ നിന്ന് ആളുകളെ പിരിച്ചുവിട്ടത്.