പാലക്കാട്: നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാനില്ല. കുണ്ടറ ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് അപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തു നിന്നുമായി മൂന്നു പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. കഴിഞ്ഞ ദിവസം നെല്ലിയാമ്പതിയില്‍ പോയി തിരിച്ചവരുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
വരുന്ന വഴിയില്‍ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു. ജയ് മോന്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.
വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ജയ് മോന്‍ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കണ്ടതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഇയാള്‍ കാല്‍വഴുക്കി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.
നെന്മാറയില്‍ നിന്നും നെല്ലിയാമ്പതിയില്‍ നിന്നും പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി നടത്തിയ തിരച്ചിലില്‍ ആളെ കണ്ടെത്തിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. വലിയ കാട്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ നിന്ന് ഇദ്ദേഹത്തെ കരയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.