ആലുവയില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

ആലുവ: ആലുവയില്‍ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍.പശ്ചിമ ബംഗാള്‍ മുര്‍ഷിദബാദ് സ്വദേശി മാണിക്ക് ഭായി എന്ന് അറിയപ്പെടുന്ന ജെന്റു ഷേക്ക് (24) ആണ് പിടിയിലായത്.
ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.കെ.ഗോപിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ എ വാസുദേവന്‍, എം.കെ.ഷാജി, വി.എസ്. ഷൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്, വികാന്ത്, ധന്യ എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു.

ഇയാള്‍ ബംഗാളില്‍ നിന്ന് തുച്ഛമായ വിലക്ക് കഞ്ചാവ് വാങ്ങി ഇവിടെ എത്തിച്ച ശേഷം സുഹൃത്തുക്കളായ അന്യസംസ്ഥാനക്കാരുടെ സഹായത്തോടെ ആലുവ, ചൂണ്ടി, ചുണങ്ങംവേലി, എടത്തല എന്നീ സ്ഥലങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തി വരികയായിരുന്നു.300,500 രൂപ നിരക്കിലുള്ള ചെറു പൊതികളായാണ് ഇയാള്‍ വില്‍പ്പന നടത്തുവാന്‍ സഹായികളെ ഏല്‍പ്പിച്ചിരുന്നത്. കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇയാളുടെ സുഹൃത്തുക്കള്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നത്.

ആലുവ എക്‌സൈസ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന ഒരു പ്രമുഖ കോളേജിലെ അധികൃതരില്‍ നിന്നുമാണ്
മാണിക്ക് ഭായിപ്പറ്റിയുള്ള വിവരം എക്‌സൈസിന് ലഭിക്കുന്നത്. എന്നാല്‍ ഇയാളുടെ കൈവശത്തു നിന്ന് കഞ്ചാവ് കണ്ടെത്താന്‍ എക്‌സൈസിന് കഴിഞ്ഞിരുന്നില്ല. നാട്ടില്‍ നിന്ന് കഞ്ചാവ് കൊണ്ടുവരുന്ന ഉടനെ തന്നെ പലതായി ഭാഗിച്ച് ഇയാള്‍ സഹായികളെ വില്‍പ്പനയ്ക്ക് ഏല്‍പ്പിക്കുന്നതായിരുന്നു രീതി.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാളുടെ സഹായിയായ അന്യസംസ്ഥാനകാരനെ കഞ്ചാവുമായി പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാണിക്ക് ഭായി എന്ന ജന്റു ഷേക്ക് കഞ്ചാവുമായി പശ്ചിമ ബംഗാളില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്ന് എക്‌സൈസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വേഷമാറിയ എത്തിയ എക്‌സൈസ് സംഘം എടത്തലയിലെ കെ.എം.ഇ.എ കോളേജിന് സമീപത്ത് നിന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഒന്നേകാല്‍ കിലോയോളം കഞ്ചാവ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Top