അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ടയാള്‍ വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചു. എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹനുമാന്റെ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്നതും വീഡിയോയില്‍ കാണാം. അതേസമയം, വേദിയിലുണ്ടായിരുന്നവര്‍ കരുതിയത് ഇത് നാടകത്തിന്റെ ഭാഗമായി ആണെന്നാണ്.
ഹരിയാനയിലെ ഭിവാനിയില്‍ നടന്ന നാടകത്തിനിടെയാണ് ഹനുമാന്‍ വേഷമിട്ട ഹരീഷ് മേത്ത എന്ന ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വൈദ്യുതി വകുപ്പില്‍ എഞ്ചിനീയറായി വിരമിച്ചയാളാണ് ഹരീഷ് മേത്ത. ഹരീഷ് ഏറെ നേരം ചലനമില്ലാതെ കിടന്നതോടെയാണ് അപകടം സംഭവിച്ചതാണെന്ന് സഹതാരങ്ങള്‍ മനസിലാക്കുന്നത്. ഉടനെ തന്നെ ഹരീഷിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.