ന്യൂഡല്‍ഹി: മുഖത്തടിച്ചതിന്റെ ദേഷ്യം തീര്‍ക്കാന്‍ 35കാരനെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജസോലയിലാണ് സംഭവം.കേസില്‍ പ്രതിയായ ഹരിയാണയിലെ പാല്‍വല്‍ സ്വദേശി തൗഫീക്കിനെ(28) പൊലീസ് അറസ്റ്റ്ചെയ്തു.
ഒരാള്‍ ജസോലയിലെ ഒമാക്സ് സ്ക്വയര്‍ മാളിനു സമീപം കാറില്‍ ബോധരഹിതനായി കിടക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഡ്രൈവര്‍ സീറ്റില്‍ മദ്യക്കുപ്പിയുമായി ഒരാളെ കണ്ടെത്തി. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മൃതദേഹ പരിശോധനയില്‍ തലയില്‍ നിന്ന് വെടിയുണ്ട കണ്ടെത്തുകയും ചെയ്തു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജാമിയ നഗര്‍ സ്വദേശി മുഹമ്മദ് റഷീദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മരിക്കുന്നതിന് മുന്‍പ് തൗഫീക്കാണ് റഷീദിനൊപ്പം ഉണ്ടായിരുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ പരിപാടിക്കിടെ തന്റെ മുഖത്തടിച്ചതിന്റെ ദേഷ്യത്തില്‍ വെടിവെച്ചുകൊന്നതാണെന്ന് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കാറില്‍ വെച്ച് മദ്യപിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയത്.