ഗോരഖ്പൂര്‍: മുന്‍ ഭാര്യയെ പാറക്കെട്ടില്‍ നിന്നും തളളിയിട്ട് കൊലപ്പെടുത്തിയ ഡോക്ടര്‍ അറസ്റ്റില്‍. ഡോ. ധര്‍മേന്ദ്ര പ്രതാപ് സിങ്ങാണ് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായത്.
രാഖി ശ്രീവാസ്തവയെ നേപ്പാളിലെ പൊഖ്‌റയില് വെച്ചാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയതിന് ശേഷം രാഖിയുടെ ഫോണ്‍ കൈക്കലാക്കി, അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് അവര്‍ ജീവനോടെയുണ്ടെന്ന് വരുത്തി തീര്‍ത്തു. ഏഴു മാസക്കാലം ഇത്തരത്തില്‍ രാഖിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചു. കൊലപാതകത്തെ തുടര്‍ന്ന് രാഖിയുടെ ഇപ്പോഴത്തെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.
കാണാതായതിനെ തുടര്‍ന്ന് സഹോദരന്‍ രാഖിയുടെ ഭര്‍ത്താവിനെതിരെ കൊടുത്ത പരാതിയിലായിരുന്നു ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനീഷിനൊപ്പം രാഖി ജൂണ്‍ 1ന് നേപ്പാളിലേക്ക് പോയതായി കണ്ടെത്തി. എന്നാല്‍ മനീഷ് തിരികെ നാട്ടിലേക്ക് വന്നപ്പോഴും രാഖി നേപ്പാളില്‍ തങ്ങി. രാഖിയെ കാണാതായ സമയം ധര്‍മേന്ദ്ര നേപ്പാളില്‍ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്നാണ് ഇരുവരും ഉണ്ടായിരുന്ന സ്ഥലവും മറ്റും കണ്ടെത്തിയത്.
തുടര്‍ന്ന് ധര്‍മേന്ദ്രയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇദ്ദേഹം കുറ്റം സമ്മതിച്ചത്. പണവും വീടും നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യയായ രാഖി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തതിലുള്ള വൈര്യഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. ഇയാള്‍ രണ്ടു കൂട്ടാളികളുടെ സഹായത്തോടെ രാഖിയെ വിളിച്ചു വരുത്തി പാറക്കെട്ടില്‍ നി്ന്ന് തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്.