പട്‌ന: അനുവാദം ചോദിക്കാതെ ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിച്ചതിന് ഭിന്നശേഷിക്കാരനെ തല്ലിക്കൊന്നു. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബഡേപുര ഗ്രാമത്തിലെ ഛോട്ടേലാല്‍ സഹാനി(50)യാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ദിനേശ് സഹാനി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മകനായ ദീപക് സഹാനിയും കേസില്‍ പ്രതിയാണെന്നും ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ചൗഹാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബഡേപുര ഗ്രാമത്തില്‍ അതിദാരുണമായ സംഭവമുണ്ടായത്.
ഭിന്നശേഷിക്കാരനായ ഛോട്ടേലാല്‍ ഗ്രാമത്തിനടുത്ത കുളത്തില്‍ മീന്‍ പിടിക്കാന്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് ദിനേശ് സഹാനിയും മകനും മര്‍ദിച്ചത്. വീട്ടിലേക്ക് വരുന്നതിനിടെ ദാഹിച്ച ഛോട്ടേലാല്‍ ദിനേശ് സഹാനിയുടെ കുടത്തില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിച്ചു.
ഇത് കണ്ട ദിനേശ് സഹാനിയും മകനും ഛോട്ടേലാലിനെ ചോദ്യം ചെയ്യുകയും വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് ഛോട്ടേലാലിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ ഇദ്ദേഹത്തെ വീട്ടിലെത്തിച്ചു.
ഗുരുതര പരിക്കേറ്റതിനാല്‍ ഭാര്യയാണ് ഛോട്ടേലാലിനെ പിന്നീട് ബെഗുസരായിലെ ആശുപത്രിയില്‍ എത്തിച്ചത്. നില ഗുരുതരമായതിനാല്‍ പട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഛോട്ടേലാല്‍ മരിച്ചത്.
ഛോട്ടേലാലിന്റേത് ദരിദ്ര കുടുംബമായതിനാല്‍ ചികിത്സയ്ക്കായി നാട്ടുകാരാണ് സഹായിച്ചിരുന്നത്. മരണ ശേഷം മൃതദേഹം സംസ്‌കരിച്ചതും നാട്ടുകാരുടെ സഹായത്തോടെയായിരുന്നു.
വിവരമറിഞ്ഞ ഉടന്‍ തന്നെ കേസിലെ മുഖ്യപ്രതിയായ ദിനേശ് സഹാനിയെ അറസ്റ്റ് ചെയ്‌തെന്നും മറ്റൊരു പ്രതിയായ ദീപക് സഹാനിക്കായി തിരച്ചില്‍ തുടരുകയാണെന്നും ചൗഹാരി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് രാഘവേന്ദ്ര കുമാര്‍ പറഞ്ഞു.