മുംബൈ: ഇംഗ്ലീഷില്‍ സംസാരിച്ചതിന് യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. മറ്റുള്ളവരുടെ മുമ്പില്‍ തന്നെ നാണം കെടുത്താനാണ് ഇംഗ്ലീഷ് സംസാരിച്ചതെന്നാരോപിച്ചാണ് മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ സുഹൃത്തായ മുഹമ്മദ് അഫ്‌റോസ് ആലം ഷെയ്ക്കിനെ കൊലപ്പെടുത്തിയത്.
54-തവണയാണ് അഫ്‌റോസിന്റെ കഴുത്തില്‍ വാഹിദ് കുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഫ്‌റോസിന്റെ തുടര്‍ച്ചയായുള്ള പരിഹാസമാണ് തന്നെ കൊലചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അബ്ദുള്‍ വാഹിദ് പൊലീസില്‍ കുറ്റസമ്മതം നടത്തി.
തന്നെ പരിഹസിച്ചതിനാല്‍ അഫ്‌റോസിനെ ഇല്ലാതാക്കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇതിനായി ഒരാഴ്ചയോളം കാത്തിരുന്നുവെന്നും വാഹിദ് പറഞ്ഞു. പിന്നീട് സുഹൃത്തിനേയും കൊണ്ട് മദ്യപിക്കാനെന്ന വ്യാജേന ബാന്ദ്രയിലെ വിജനമായ ഒരു പ്രദേശത്ത് എത്തിച്ച് കൊലചെയ്യുകയായിരുന്നുവെന്ന് വാഹിദ് വ്യക്തമാക്കി.
മധുബാനി സ്വദേശിയായ മുഹമ്മദ് അഫ്‌റോസ് എസ്.എസ്.സി പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായാണ് രണ്ട് വര്‍ഷം മുമ്പ് ബാന്ദ്രയിലെത്തിയതെന്ന് ഇയാളുടെ സഹോദരന്‍ ഫിറോസ് ആലം ഷെയ്ക്ക് പറഞ്ഞു.