ഭക്ഷണം തയ്യാറാക്കിയില്ല; അമ്മയെ മകന്‍ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി

ജയ്പൂര്‍: ഭക്ഷണം തയ്യാറാക്കിയില്ലെന്നാരോപിച്ച് അമ്മയെ മകന്‍ മര്‍ദ്ദിച്ചു കൊന്നു. മകന്റെ ആക്രമണത്തില്‍ ബിന്ദ്ര കൗര്‍ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ശ്രീ ഗംഗനഗര്‍ ജില്ലയിലെ ചുനാവദില്‍ ബുധനാഴ്ചയാണ് സംഭവം. കേസില്‍ കൃഷ്ണകുമാര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലെത്തിയ തനിക്ക് ഭക്ഷണം തയ്യാറാക്കിയില്ലെന്ന് ആരോപിച്ച് കൃഷ്ണകുമാര്‍ അമ്മയുമായി തര്‍ക്കത്തിലായി. തര്‍ക്കം മൂര്‍ച്ഛിക്കുകയും പ്രതി മാരകായുധം ഉപയോഗിച്ച് ബിന്ദ്ര കൗറിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിന്ദ്ര സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടതായി പൊലീസ് പറഞ്ഞു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കൃഷ്ണകുമാറിന്റെ പിതാവാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭാര്യയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയും കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചായി പൊലീസ് പറഞ്ഞു.

Top