റാഞ്ചി: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആല്‍ക്കൂട്ട കൊലപാതകം. ഝാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട ആദിവാസി യുവാവ് മരിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേര്‍ ആശുപത്രിയിലാണ്. കലന്തുസ് ബര്‍ല, ഫിലിപ് ഹൊറോ, ഫാഗു കച്ചാപ് എന്നീ മൂന്ന് പേരാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്.
ജല്‍തന്ത സുവാരി ഗ്രാമത്തിലെ പുഴയുടെ തീരത്തുള്ള മാര്‍ക്കറ്റില്‍ ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ചാണ് 15ഓളം വരുന്ന സംഘം മൂന്നു പേരെയും പിടികൂടി തല്ലിച്ചതച്ചത്.
പശുവിനെ അറുത്തതായി വാട്ട്സാപ്പില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സമീപ ഗ്രാമത്തില്‍ നിന്ന് എത്തിയതായിരുന്നു അക്രമികള്‍. ആള്‍ക്കൂട്ടം വരുന്നത് കണ്ട് മൂവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി ഇവരം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിനായി കുറച്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടാകുന്ന ആള്‍ക്കൂട്ട അക്രമത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പശുവിനെ കശാപ്പ് ചെയ്തു, മോഷണം, കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ സംശയങ്ങളുടെ പേരിലാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. ഇതിനുപുറമെ, 2017 ജനുവരി മുതല്‍ ഝാര്‍ഖണ്ഡില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തിന്റെ പേരില്‍ 90 ലധികം പേരെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.