കാസര്‍കോട്: കാസര്‍കോടുനിന്ന് ഒരാളെ കൂടി ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ആദൂര്‍ ചീനപ്പാടി സ്വദേശി അബ്ദുല്ലയെന്ന ഇരുപതുകാരനെയാണു കഴിഞ്ഞ ആറു മാസമായി കാണാനില്ലെന്നു കാണിച്ചു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കു തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരുമായി ബന്ധമുണ്ടെന്നാണ് സൂചന.
തൃക്കരിപ്പൂരില്‍ മതപഠനത്തിനു എന്നു പറഞ്ഞാണ് അബ്ദുല്ല ഒരു വര്‍ഷം മുന്‍പു വീട്ടില്‍ നിന്നും ഇറങ്ങിയത്. ഡിസംബറില്‍ വീട്ടില്‍ വന്നെങ്കിലും തൊട്ടടുത്ത ദിവസം എറണാകുളത്തേക്കെന്നു പറഞ്ഞു പോയി. പിന്നെ ഇതുവരെ വിവരമൊന്നും ഇല്ല. ഇതോടെയാണു ബന്ധുക്കള്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരുമായി ബന്ധമുണ്ടെന്നു സൂചന കിട്ടിയതോടെ കേസ് അടൂര്‍ സിഐ ജില്ലാ പൊലീസ് മേധാവിക്കു കൈമാറി.
തൃക്കരിപ്പൂര്‍ കേസിന്റെ കൂടെ ഈ കേസും അന്വേഷിക്കാനാണു തീരുമാനം.