മുംബൈ: പ്രണയിച്ച് വിവാഹം കഴിച്ച അനുജത്തിയെ സഹോദരന്‍ കൊന്ന് കെട്ടിതൂക്കി. മഹാരാഷ്ട്രയിലെ ദിയോല താലൂക്കിലെ ദിവാദ് ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ചായിരുന്നു കൊലപാതകം. പ്രിയങ്ക(19)എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ റോഷന്‍ സോനാവാനയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രിയങ്കയെ കൊലപ്പെടുത്തിയ ശേഷം മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പെലീസ് പറഞ്ഞു. ഡിസംബര്‍ ഏഴാം തീയതിയാണ് കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം പൊലീസ് വീട്ടിലെ മുഴുവന്‍ പേരെയും ചോദ്യം ചെയ്യുകയും എന്നാല്‍ റോഷന്റെ മറുപടിയിലെ വൈരുധ്യം കാരണം സ്റ്റേഷനില്‍ കൊണ്ടു പോകുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ കുടുംബത്തിന് മാനക്കേടുണ്ടാക്കിയെന്നാരോപിച്ച് സഹോദരിയെ റോഷന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് റോഷന്‍ പറഞ്ഞു.
കഴുത്ത് ഞെരിച്ചാണ് റോഷന്‍ പ്രിയങ്കയെ കൊലപ്പെടുത്തിയത്. പിന്നീട് മരണം ഉറപ്പാക്കിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ സാരി ഉപയോഗിച്ച് വീടിന്റെ മച്ചില്‍ കെട്ടിതൂക്കുകയായിരുന്നു. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രിയങ്കയും നാസിക്കിലെ കല്‍വാന്‍ സ്വദേശിയായ അമോല്‍ അഹറും തമ്മിലുള്ള പ്രണയ വിവാഹം നടന്നത്.