ബെംഗളൂരു: മന്ത്രവാദി ചമഞ്ഞ് 27കോടി തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയില്‍ നാല് പേര്‍ അറസ്റ്റില്‍ .
നാഗരാജ്, സായി കൃഷ്ണ, പെരുമാള്‍, മഞ്ജു എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസറ്റ് ചെയ്തത്.
രാമമൂര്‍ത്തി നഗര്‍ എന്‍ആര്‍ഐ ലേഔട്ട് സ്വദേശിയായ ഗീത എന്ന യുവതിയാണ് പണം നഷ്ടപ്പെട്ട വിവരം അറിയിച്ച് ഫെബ്രുവരി 20ന് പൊലീസില്‍ പരാതി നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് 2009ല്‍ മരിച്ചു. തുടര്‍ന്ന്
2014ല്‍ ഒരു സുഹൃത്ത് വഴിയയാണ് പ്രധാനപ്രതിയായ നാഗരാജിനെ പരിചയപ്പെടുന്നത്.ക്ഷേത്രത്തിലെ പൂജാരിയാണെന്നും ദൈവിക സിദ്ധിയുണ്ടെന്നും അവകാശപ്പെട്ട നാഗരാജ് കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് യുവതിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
യുവതിയ്ക്കും മൂന്നുമക്കള്‍ക്കും അകാല മരണം സംഭവിക്കുമെന്നും ഇതൊഴിവാക്കാന്‍ പൂജകള്‍ നടത്തണമെന്നും ഇയാള്‍ നിര്‍ദ്ദേശിച്ചു. സ്വത്തുക്കള്‍ കൈവശം വെക്കരുതെന്ന് പറഞ്ഞ ഇയാള്‍ സ്വത്ത് വിറ്റ് പണം ഏല്‍പ്പിക്കാനും പ്രശ്‌നകാലം കഴിയുമ്പോള്‍ പണം തിരികെ ഏല്‍പ്പിക്കാമെന്നും പറഞ്ഞു. ഇതു വിശ്വസിച്ച യുവതി ഭര്‍ത്താവിന്റെ കുടുംബസ്വത്തുക്കള്‍ വിറ്റ് അഞ്ചു കോടി രൂപയും മൂന്ന് കിലോ സ്വര്‍ണവും ഇയാള്‍ നല്‍കിയതായി പൊലീസ് പറഞ്ഞു.
പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിലൂടെ യുവതിയെയും കുടുംബത്തെയും കൊല്ലുമെന്ന് നാഗരാജ് ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.