ജയ്പൂര്‍: ലോക്ക്ഡൗണ്‍ നീട്ടിയതോടെ ജോലി സ്ഥലത്തുനിന്ന് സ്വന്തം ഗ്രാമത്തിലെത്താന്‍ യുവാവ് നടന്നത് 200 കിലോമീറ്റര്‍. അജ്മീര്‍ ജില്ലയില്‍ നിന്ന് ഭില്‍വാരയിലെ തന്റെ ഗ്രാമത്തിലേക്ക് എത്താനാണ് കമലേഷ് മീന(24) എന്ന യുവാവ് ഇത്രയും ദൂരം നടന്ന് യാത്ര ചെയ്തത്. ഗ്രാമത്തിലെത്തിയ കമലേഷ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ക്വാറന്‍ൈനില്‍ പ്രവേശിച്ചു. എന്നാല്‍ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ നാട്ടുകാര്‍ തടഞ്ഞതോടെ മുളകൊണ്ട് മരത്തിന് മുകളില്‍ ഉണ്ടാക്കിയ കുടിലാണ് കമലേഷ് ക്വാറന്റൈന്‍ കേന്ദ്രമാക്കിയത്.
ഏപ്രില്‍ 16നാണ് അജ്മീറിലെ കിഷന്‍ഗഡില്‍ യുവാവ് നിന്ന് കാല്‍നടയായി ജഹാജ്പൂര്‍ തഹ്സിലിലെ ഷെര്‍പുര ഗ്രാമത്തിലെത്തിയത്. എന്നാല്‍, കൊവിഡ് ബാധ ഉണ്ടാകുമെന്ന് ഭയന്ന പ്രദേശവാസികള്‍ കമലേഷ് ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുകയായിരുന്നു. പിന്നാലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് മെഡിക്കല്‍ ടീമിനെ വിളിച്ചുവരുത്തി പരിശോധന നടത്തി. ശേഷം ഇയാളോട് 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ശേഷം ഗ്രാമത്തില്‍ നിന്ന് അകലെയുള്ള വയലില്‍ കമലേഷിന് താമസമൊരുക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചു. ഗ്രാമവാസികളും മീനയുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് മരത്തിന് മുകളില്‍ മുളകളും നെറ്റും കൊണ്ട് കുടില്‍ നിര്‍മ്മിച്ചു നല്‍കി. അച്ഛന്‍ സാഗര്‍മല്‍ ഭക്ഷണവും വെള്ളവും മറ്റ് അവശ്യവസ്തുക്കളും മകന് എത്തിച്ചു നല്‍കുകയും ചെയ്യുകയായിരുന്നു.