രാജ്യത്തിപ്പോള്‍ പടരുന്നത് വലിയ അശാന്തിയാണ്. സി.എ.എക്കെതിരായ പ്രക്ഷോഭം ഡല്‍ഹിയിലെ വെടിവയ്‌പ്പോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണിപ്പോള്‍.
ഡല്‍ഹി ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് വെടിവയ്പുണ്ടായിരിക്കുന്നത്.പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പ്രതിയെന്ന കാര്യവും വ്യക്തമായി കഴിഞ്ഞു.
യു.പിയിലെ ഗൗതം ബുദ്ധ് നഗര്‍ ജേവാര്‍ സ്വദേശിയായ 17കാരനാണ് ഈ അക്രമി.
ഭാഗ്യം കൊണ്ട് മാത്രമാണ് ആര്‍ക്കും ജീവന്‍ നഷ്ടപ്പെടാതിരുന്നത്. ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിയുടെ കയ്യിലാണ് വെടിയേറ്റിരിക്കുന്നത്. പൊലീസ് നോക്കി നില്‍ക്കെയാണ് ഈ സംഭവമെന്നതും ഞെട്ടിക്കുന്നതാണ്.
കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രകോപനപരമായ ആഹ്വാനത്തിന് തൊട്ടു പിന്നാലെ നടന്ന ആക്രമണത്തിന് മാനങ്ങള്‍ പലതാണ്. അതുകൊണ്ടു തന്നെ ബി.ജെ.പിയും സംഘപരിവാറും നിലവില്‍ വലിയ പ്രതിരോധത്തിലാണുള്ളത്.
സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിയയില്‍ പോയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സുഹൃത്തുക്കളെ സംഘടിപ്പിച്ച് പൗരത്വ ഭേദഗതിക്ക് അനുകൂലമായി പരിപാടി സംഘടിപ്പിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.
വെടിവയ്പ് സംഭവം ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണിപ്പോള്‍ അന്വേഷിച്ചു വരുന്നത്.
ജാമിയ വിദ്യാര്‍ത്ഥികള്‍ രാജ് ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിനു നേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. മാര്‍ച്ച് സര്‍വകലാശാലാ കവാടം പിന്നിട്ടതിന് തൊട്ടു പിന്നാലെ ‘ഇതാ ആസാദി’യെന്ന് ആക്രോശിച്ചാണ് യുവാവ് വെടിവയ്പ് നടത്തിയത്. ഡല്‍ഹി പൊലീസിന് സിന്ദാബാദ് വിളിക്കാനും അക്രമി മറന്നിരുന്നില്ല.
ആക്രമണത്തിന് തൊട്ടു മുന്‍പ് സംഭവ സ്ഥലത്ത് നിന്ന് തന്നെ യുവാവ് ഫേസ് ബുക്ക് ലൈവിലും എത്തിയിരുന്നു. താന്‍ മരണപ്പെട്ടാല്‍ അന്ത്യയാത്രയില്‍ കാവി പുതപ്പിക്കണമെന്നും ജയ് ശ്രീറാം വിളികള്‍ മുഴക്കണമെന്നും ഇയാള്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു. ഈ അക്കൗണ്ട് തന്നെ പിന്നീട് ഫെയ്‌സ് ബുക്ക് അധികൃതര്‍ ഡിലിറ്റ് ചെയ്യുകയുണ്ടായി.
അക്രമി ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബജ്‌റംഗ് ദള്‍ റാലികളില്‍ ഇയാള്‍ പങ്കെടുത്തതിന്റെ തെളിവുകളും സംഘപരിവാര്‍ സംഘടനയാണ് പുറത്ത് വിട്ടിരിക്കുന്നത്.
പൗരത്വ ഭേദഗതിക്കെതിരെ കഴിഞ്ഞ ഒരു മാസത്തിലേറെയായി നടക്കുന്ന സമര പരമ്പരക്കിടെ ഇത്തരമൊരു സംഭവം ഇതാദ്യമാണ്. സമാന സാഹചര്യം ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രത്യാഘാതമാണ് രാജ്യത്തുണ്ടാക്കുക.
പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പിയും പരിവാര്‍ സംഘടനകളും ശക്തമായ കാമ്പയിനാണ് നിലവില്‍ രാജ്യത്ത് നടത്തി കൊണ്ടിരിക്കുന്നത്. സാമുദായിക ധ്രുവീകരണമാണ് കാവിപ്പട ലക്ഷ്യമിടുന്നത്. അപകടകരമായ നീക്കമാണിത്. ഡല്‍ഹി വെടിവെപ്പോടെ സിഎഎ അനുകൂലികളും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലിന് തന്നെ കളമൊരുങ്ങുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
മുതിര്‍ന്ന നേതാക്കളുടെ നാവ് തന്നെയാണ് ബിജെപിയെ ഇപ്പോള്‍ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
ഒറ്റുകാരെ വെടിവച്ചു കൊല്ലാന്‍ ഡല്‍ഹിയിലെ തെരെഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര സഹമന്ത്രി തന്നെയാണ് ആഹ്വാനം ചെയ്തിരുന്നത്. അനുരാഗ് താക്കൂറിന്റെ ഈ ആഹ്വാനത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വെടിവയ്പുണ്ടായിരിക്കുന്നത്. നേതാക്കളുടെ ആഹ്വാനം അണികള്‍ അനുസരിക്കുകയാണ് ചെയ്തതെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്.
ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ വെടിവയ്‌പ്പോടെ മറ്റു ബി.ജെ.പി നേതാക്കളുടെ ഭീഷണിയും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിട്ടുണ്ട്.
ഷഹീന്‍ ബാഗില്‍ ‘പാകിസ്ഥാന്‍’ എത്തിച്ചേര്‍ന്നെന്നാണ് എഎപിയില്‍ നിന്നും ബിജെപിയില്‍ എത്തിയ കപില്‍ മിശ്ര നേരത്തെ ട്വീറ്റ് ചെയ്തിരുന്നത്.
ഡല്‍ഹിയില്‍ നടക്കുന്നത് ഇന്ത്യ, പാകിസ്ഥാന്‍ പോരാട്ടമാണെന്ന് പ്രഖ്യാപിച്ച കപില്‍ മിശ്രയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
ഡല്‍ഹിയെ സിറിയ ആക്കാന്‍ ഷഹീന്‍ ബാഗ് പ്രതിഷേധക്കാരെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ ഛഗും രംഗത്ത് വന്നിരുന്നു.
ഫെബ്രുവരി 8ന് വോട്ടിംഗ് മെഷീനില്‍ കൈ അമര്‍ത്തുമ്പോള്‍ അതിന്റെ ഓളങ്ങള്‍ ഷഹീന്‍ ബാഗില്‍ എത്തണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പോലും ആവശ്യപ്പെട്ടിരുന്നത്. ഷഹീന്‍ ബാഗ് പോലുള്ള ആയിരക്കണക്കിന് പ്രശ്നങ്ങള്‍ ഒഴിവാക്കി രാജ്യത്തെ സുരക്ഷിതമാക്കാന്‍ ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം പ്രതിഷേധങ്ങള്‍ ഡല്‍ഹിയെ കശ്മീരിന്റെ അവസ്ഥയില്‍ എത്തിക്കുമെന്നാണ് വെസ്റ്റ് ഡല്‍ഹി ബിജെപി എംപികൂടിയായ പര്‍വേഷ് വര്‍മ്മയും തുറന്നടിച്ചിരിക്കുന്നത്.
‘ഷഹീന്‍ ബാഗില്‍ ലക്ഷക്കണക്കിന് പേരാണ് എത്തുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ ഇതേക്കുറിച്ച് ചിന്തിക്കണം, ഒരു തീരുമാനം എടുക്കണം. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറും, സഹോദരിമാരെയും, പെണ്‍മക്കളെയും പീഡിപ്പിക്കും, കൊലപ്പെടുത്തും. ഇന്ന് കുറച്ച് സമയം ബാക്കിയുണ്ട്, നാളെ നിങ്ങളെ രക്ഷിക്കാന്‍ മോദിയും, അമിത് ഷായും വരാന്‍ പോകുന്നില്ല’, വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി എംപിയുടെ ഈ ഗുരുതര ആരോപണം.
ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചാല്‍ ഒരു മണിക്കൂറുകൊണ്ട് ഷഹീന്‍ ബാഗ് പ്രതിഷേധക്കാരെ നീക്കുമെന്നാണ് പര്‍വേഷ് വര്‍മ്മ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് ബി.ജെ.പി നേതാക്കള്‍ പ്രകേപന പ്രവസ്താവനകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സി.എ.എക്കെതിരെ ലോകശ്രദ്ധ പിടിച്ചു പറ്റിയ സമരമാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി ഷഹീന്‍ ബാഗില്‍ നടന്നുവരുന്നത്. നൂറു കണക്കിന് സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന് വലിയ ജനപങ്കാളിത്തമാണുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് കുറ്റ്യാടിയില്‍ ബി.ജെ.പി നടത്തിയ റാലിയിലും മുസ്ലിംകള്‍ക്കെതിരെ പ്രകോപന മുദ്രാവാക്യങ്ങള്‍ ഉര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയുമുണ്ടായി.
മതസൗഹാര്‍ദം തകര്‍ക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തില്‍ പെരുമാറിയതിന് നൂറോളം പേര്‍ക്കെതിരെയാണ് കേരളാ പൊലീസ് കേസെടുത്തിരിക്കുന്നത്.
പ്രകടനത്തിന്റെ വീഡിയോ ക്ലിപ്പ് ഉള്‍പ്പെടെ ഡിവൈഎഫ്‌ഐ നേതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
രാജ്യത്ത് മുസ്ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ എം.പി രേണുകാചാര്യയും രംഗത്ത് വന്നിട്ടുണ്ട്. സി.എ.എ അനുകൂല റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ ഈ വിദ്വേഷ പ്രസംഗം.
‘പള്ളികളില്‍ ഇരുന്നു ഫത്വ നല്‍കുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികള്‍ പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലേ? പകരം നിങ്ങള്‍ ചെയ്യുന്നത് ആയുധങ്ങള്‍ ശേഖരിച്ചുവെക്കുക എന്നതാണ്. ഇതിനാണോ നിങ്ങള്‍ പള്ളിയില്‍ പോകുന്നത്? ‘ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രകോപനപരമായ ചോദ്യം. മുസ്ലിം സമുദായത്തിനുള്ള ഫണ്ട് ഹിന്ദുക്കള്‍ക്ക് നല്‍കുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തുകയുണ്ടായി. നിങ്ങള്‍ ഇതു തുടരുകയാണെങ്കില്‍ താനും രാഷ്ട്രീയം കളിക്കും. നിങ്ങള്‍ക്കായുള്ള മുഴുവന്‍ ഫണ്ടുകളും ഞങ്ങളുടെ ഹിന്ദു ജനതയ്ക്ക് താന്‍ നല്‍കുമെന്നും രേണുകാചാര്യ പ്രസംഗിച്ചിരുന്നു.
കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ ന്യൂനപക്ഷത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുന്നത് ഇതാദ്യമല്ല,
ഭൂരിപക്ഷ സമുദായം നിങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയാലുണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ സോമശേഖര്‍ റെഡ്ഡി നേരത്തെ സി.എ.എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നല്‍കിയിരുന്ന മുന്നറിയിപ്പ്. പ്രകോപനപരമായ പ്രസംഗത്തിന് റെഡ്ഡിക്കെതിരെ പിന്നീട് പൊലീസ് കേസെടുത്തിരുന്നു.
എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഉവൈസിയെ ക്രെയ്‌നില്‍ തലകീഴായി കെട്ടിത്തൂക്കി താടി വടിച്ച് ചന്ദ്രശേഖര്‍ റാവുവിന് അയച്ചുകൊടുക്കുമെന്നാണ് മറ്റൊരു ബി.ജെ.പി എം.പി ഭീഷണിപ്പെടുത്തിയിരുന്നത്. തെലങ്കാനയിലെ നിസാമാബാദില്‍നിന്നുള്ള എം.പി ഡി. അരവിന്ദ് കുമാറിന്റേതായിരുന്നു ഈ ഭീഷണി.
ഡിസംബര്‍ 25ന് അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള സംഘടന തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ സന്ദര്‍ശിച്ച് പൗരത്വ ഭേദഗതി നിയമം, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷം നിസാമാബാദില്‍ പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെ പൊതുയോഗം നടത്തുകയുമുണ്ടായി. ഇതാണ് ബി.ജെ.പി എം.പിയെ പ്രകോപിതനാക്കിയിരുന്നത്. ബിജെപി നേതാക്കളുടെ ഇത്തരം പ്രകോപനങ്ങളാണ് ഇപ്പോള്‍ കൈവിട്ട കളിക്ക് 17കാരനെ പോലും പ്രേരിപ്പിച്ചിരിക്കുന്നത്. അതാണ് നാം ഡല്‍ഹിയിലുമിപ്പോള്‍ കണ്ടിരിക്കുന്നത്.
ഗാന്ധിയെ കൊന്ന ഗോഡ്‌സെയുടെ പ്രേതമാണ് ജാമിയ നഗറില്‍ തോക്കുമായി ഇറങ്ങിയതെന്നാണ് ഇതിനെ സി.പി.എം വിശേഷിപ്പിച്ചിരിക്കുന്നത്.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ തന്നെയുണ്ടായ സംഭവത്തെ യാദൃശ്ചികമായി കാണാന്‍ സി.പി.എം തയ്യാറല്ല. അക്രമിയെ മനോരോഗിയായി ചിത്രീകരിക്കാനുള്ള നീക്കത്തെയും രൂക്ഷമായാണ് സിപിഎം വിമര്‍ശിച്ചിരിക്കുന്നത്.
‘മതസഹിഷ്ണുത എന്ന ആശയത്തിന് ഗാന്ധിജിയ്ക്ക് ഗോഡ്‌സെ സമ്മാനിച്ചതും വെടിയുണ്ടയായിരുന്നു’ എന്നാണ് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
സംഘപരിവാര്‍ ഇന്ത്യയില്‍ വിതയ്ക്കുന്ന വെറുപ്പിന്റെ വിളവെടുപ്പ് ഇങ്ങനെയായിരിക്കുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടതാണെന്നും തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോര്‍ത്തു നില്‍ക്കുന്ന ഒരു ഗുണ്ടാപ്പട അണിയറയില്‍ അവര്ക്ക് സജ്ജമാണെന്നും സിപിഎം ആരോപിക്കുന്നുണ്ട്.
ദബോല്‍ക്കറും പന്‍സാരയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമെല്ലാം വെടിയേറ്റു വീണത് ഏതെങ്കിലും അക്രമസമരങ്ങളില്‍ ഭാഗമാക്കിയതുകൊണ്ടല്ല. അവരുടെ ആശയങ്ങളാണ് അക്രമികളെ അസ്വസ്ഥരാക്കിയിരുന്നത്. അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് തീരുമാനിക്കുന്ന ഒരു സംഘം ഗുണ്ടകള്‍ നാട്ടില്‍ ഇപ്പോഴും സജീവമാണെന്നും സിപിഎം നേതാക്കള്‍ തുറന്നടിച്ചു.
ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പിനെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഗൗരവമായാണ് ഇപ്പോള്‍ കാണുന്നത്. യോജിച്ച പ്രക്ഷോഭത്തിന്റെ അനിവാര്യതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്യവും ഇപ്പോള്‍ പറയുന്നത്. അവരെ സംബന്ധിച്ച് വൈകി വന്ന വിവേകം കൂടിയാണിത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാന്‍ സി.പി.എമ്മിനുമേലും ഇപ്പോള്‍ സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി മുന്‍കൈ എടുത്ത് യോഗം വിളിച്ചു ചേര്‍ക്കണമെന്നാണ് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിലവില്‍ ആവശ്യപ്പെടുന്നത്.
സി.എ.എക്ക് എതിരെ കേരളം സ്വീകരിച്ച ശക്തമായ നിലപാടുകളാണ് രാജ്യത്തെ പ്രക്ഷോഭകാരികളെയും സ്വാധീനിച്ചിരിക്കുന്നത്.
Staff Reporter