സദാചാര ഗുണ്ടായിസം: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം

മലപ്പുറം:ആള്‍ക്കൂട്ടം യുവാവിനെ കെട്ടിയിട്ട് ആക്രമിച്ച കേസില്‍ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന് മരിച്ച മുഹമ്മദ് സാജിദിന്റെ അച്ഛന്‍. സാജിദിന് പരിചയമുള്ളവരാണ് ആക്രമണം നടത്തിയതെന്ന് സഹോദരനും ആരോപിച്ചു. ആത്മഹത്യാക്കുറിപ്പ് ബന്ധുക്കള്‍ പൊലീസിന് കൈമാറി.

അക്രമികളുടെ പേര് വിവരങ്ങള്‍ ഇതിലുണ്ടെന്നും പ്രശ്‌നത്തില്‍ നാട്ടിലെ ടിപ്പര്‍ ഉടമ ഇടപെട്ടതോടെ പൊലീസ് കേസെടുത്തില്ലെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. എന്നാല്‍ സാജിദിന്റെ കുടുംബവും ആള്‍ക്കൂട്ടവും ഇടപെട്ടത് കൊണ്ടാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് ഇംത്യാസ് പ്രതികരിച്ചു.

സാജിദ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കെട്ടിയിട്ടതെന്ന് ആക്രമിച്ചവര്‍ പറഞ്ഞു. രാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം യുവാവിനെ ആള്‍ക്കൂട്ടം അക്രമിച്ചത്. ബലപ്രയോഗത്തിലൂടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. പിന്നീട് ഈ വീഡിയോ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യുവാവ് ലഹരിക്കടിമയാണെന്നും പ്രചരണം നടത്തിയിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തിരയായ യുവാവിനെ പൊലീസെത്തിയാണ് മോചിപ്പിച്ചത്.

Top