ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത് അക്രമികളില്‍ പ്രധാനിയെ ആയിരുന്നുവെന്ന് മേജര്‍ ലീതള്‍ ഗോഗോയ്.
സംഭവത്തില്‍ ഭീകരപ്രവര്‍ത്തകര്‍ക്കെതിരായ മികച്ച സേവനത്തിനുള്ള സൈന്യത്തിന്റെ ആദരം ഗോഗോയ്ക്ക് നല്‍കി.
സംഭവത്തില്‍ മൗനം തുടരുകയായിരുന്ന മേജര്‍ സൈനിക ആദരം ലഭിച്ച ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘കശ്മീരിലെ ബന്ദിപ്പോരയില്‍ 400 മുതല്‍ 500 വരെയുള്ള ആളുകള്‍ പോലീസിനു നേരെ കല്ലെറിയുന്നു എന്ന് ഐ.ടി.ബി.പി വിവരം കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അവിടെ എത്തിയത്. വിവരം ലഭിച്ചതിന് പിന്നാലെ 30 മിനുട്ടുകൊണ്ട് തന്നെ ഞങ്ങള്‍ അവടെ എത്തി. നിരവധി തവണ കല്ലേറ് നിര്‍ത്താന്‍ തന്റെ മൈക്ക് വഴി ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല.
തുടര്‍ന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ ഫറൂഖ് അഹമ്മദ് ദാര്‍ എന്നയാളെ ഞങ്ങള്‍ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ട ശേഷമാണ് മറ്റുള്ളവര്‍ കല്ലേറ് നിര്‍ത്തിയത്. ഐ.ടി.ബി.പി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനും അക്രമണത്തിന് അയവു വരുത്താനും മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല’ – മേജര്‍ പറഞ്ഞു.
ശ്രീനഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ആക്രമണം തടയാനായിരുന്നു സൈന്യം കല്ലേറുകാരിലൊരാളെ മനുഷ്യ കവചമാക്കിയത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സംഭവം വന്‍ വിവാദമായിരുന്നു.