ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ‘മകന്‍’ എന്ന് അവകാശപ്പെട്ടെത്തിയ ജെ.കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.
ഇയാള്‍ കോടതിയെ കബളിപ്പിക്കുക മാത്രമല്ല വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്‌തെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.
ജയലളിതയുടെയും തെലുങ്കുനടന്‍ ശോഭന്‍ ബാബുവിന്റെയും ‘മകന്‍’ എന്ന് അവകാശപ്പെട്ടാണ് കൃഷ്ണ മൂര്‍ത്തി രംഗത്തെത്തിയത്.
1985ല്‍ ജനിച്ച തന്നെ ഒരു വര്‍ഷത്തിനു ശേഷം ഈറോഡിലെ വസന്താമണിയുടെ കുടുംബത്തിനു ദത്തു നല്‍കിയെന്നു പറഞ്ഞു ചില രേഖകളും ഇയാള്‍ ഹാജരാക്കിയിരുന്നു. ഈ രേഖകളാണ് വ്യാജമെന്ന് തെളിഞ്ഞത്. തന്നെ ജയയുടെ മകനായി പ്രഖ്യാപിക്കണമെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു കൃഷ്ണമൂര്‍ത്തി കോടതിയെ സമീപിച്ചത്.
എന്നാല്‍, രൂക്ഷ വിമര്‍ശനമാണ് മദ്രാസ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും മുന്‍പ് ഉണ്ടായത്. ‘ഇയാളെ ഞാന്‍ നേരിട്ടു ജയിലിലേക്ക് അയയ്ക്കു’മെന്നു മുന്നറിയിപ്പു നല്‍കിയ ജസ്റ്റിസ് ആര്‍.മഹാദേവന്‍ ‘കോടതിയോടു കളിക്കരുതെ’ന്നും താക്കീതു നല്‍കിയിരുന്നു. എംജിആറിന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു വസന്താമണിയെന്നും ദത്തു രേഖകളില്‍ ജയലളിത, ശോഭന്‍ ബാബു എന്നിവര്‍ക്കു പുറമേ സാക്ഷിയായി എംജിആറും ഒപ്പുവച്ചിട്ടുണ്ടെന്നും വാദിച്ചു.
എന്നാല്‍, ഒപ്പുവച്ചെന്നു പറയുന്ന സമയത്ത് എംജിആറിനു കൈകള്‍ അനക്കാന്‍ പോലും കഴിയാത്ത നിലയിലായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു.