മോര്‍ച്ചറി ഫ്രീസറില്‍ ഏഴുമണിക്കൂര്‍, മരിച്ചെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചയാള്‍ ജീവിതത്തിലേക്ക്

death

മൊറാബാദ്: മരിച്ചെന്ന് വിധിയെഴുതി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച നാല്‍പ്പതുകാരന്‍ വീണ്ടും ജീവിതത്തിലേക്ക്. ഏഴു മണിക്കൂര്‍ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നാല്‍പ്പതുകാരനാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ഈ സംഭവം നടന്നത്. മൊറാദാബാദ് നഗരസഭയിലെ ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറാണ് വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വന്നത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മൊട്ടോര്‍ സൈക്കിള്‍ ഇടിച്ച് പരിക്കേറ്റ ശ്രീകേഷ് കുമാറിനെ മൊറാദാബാദ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്. അന്ന് രാത്രിയോടെ തന്നെ ഡോക്ടര്‍ ഇയാള്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അടുത്ത ദിവസം മാത്രം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സാധിക്കുന്നതിനാല്‍ ‘മൃതദേഹം’ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിക്കാന്‍ തീരുമാനമായി. ഇയാളെ തിരിച്ചറിഞ്ഞ് പോസ്റ്റ് മോര്‍ട്ടത്തിന് വേണ്ട പേപ്പറുകളില്‍ ഇയാളുടെ കുടുംബാഗംങ്ങള്‍ ഒപ്പിട്ടും നല്‍കിയിരുന്നു.

ഏന്നാല്‍ ഏഴു മണിക്കൂറിന് ശേഷം ശ്രീകേഷ് കുമാറിന്റെ മൃതദേഹം പുറത്ത് എടുത്തപ്പോള്‍ സാക്ഷിയായി അവിടെ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ സഹോദര പത്‌നി മധുബാല ശ്രീകേഷിന്റെ ശരീരത്തില്‍ അനക്കം ഉള്ളതായി കണ്ടു. ഇതോടെ അവര്‍ ബഹളം വച്ചു. ഇതോടെ മറ്റു കുടുംബാഗംങ്ങളും ഓടി എത്തി മൃതദേഹത്തിന് ചുറ്റും കൂടി. അവര്‍ ഡോക്ടര്‍മാരോടും പൊലീസിനോടും വീണ്ടും പരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

വീണ്ടും ശരീരം പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരത്തില്‍ സ്പന്ദനം ഉള്ളതായി കണ്ടെത്തുകയും അതിവേഗം മറ്റ് അടിയന്തര സേവനങ്ങള്‍ നല്‍കുകയും ചെയ്ത ശേഷം മീരറ്റിലേക്കുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ശ്രീകേഷ് കുമാര്‍ അബോധാവസ്ഥയില്‍ ആണെങ്കിലും അപകട നില തരണം ചെയ്തുവെന്നാണ് കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Top