മലപ്പുറം: പി.വി അന്‍വര്‍ പ്രതിയായിരുന്ന മനാഫ് വധക്കേസില്‍ നീതിക്കായി മനാഫിന്റെ കുടുംബം കാല്‍നൂറ്റാണ്ടായി നടത്തുന്ന നിയമപോരാട്ടം സര്‍ക്കാര്‍ കണ്‍തുറന്ന് കാണണം. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന തീരുമാനം പിന്‍വലിച്ച് നീതിയുക്തമായ വിചാരണക്കായി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ അനുവദിക്കാനുള്ള സത്വര നടപടിവേണം.
തുല്യനീതി എന്ന ഭരണഘടനാപരമായ അവകാശം മനാഫിനും മനാഫിന്റെ കുടുംബത്തിനും കൂടി അവകാശപ്പെട്ടതാണ്. പി.വി അന്‍വര്‍ എം.എല്‍.എക്കും മനാഫ് വധക്കേസില്‍ അന്‍വറിന്റെ കൂട്ടുപ്രതികളായിരുന്ന സഹോദരീപുത്രന്‍മാരായ മാലങ്ങാടന്‍ ഷെഫീഖിനും ഷെരീഫിനു വേണ്ടി രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിക്കരുത്.
പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ മനാഫ് വധക്കേസില്‍ ഒന്നാം പ്രതിയായ മാലങ്ങാടന്‍ ഷെഫീഖ് കഴിഞ്ഞ 24 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുകയാണെന്നത് നിയമത്തില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ലുക്ക് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യല്‍ ഫസ്‌റ്‌റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ 2018 ജൂലൈ 25ലെ ഉത്തരവ് ഒന്നര വര്‍ഷമാകുമ്പോഴും നടപ്പാക്കിയിട്ടില്ല എന്നത് എന്നും നീതിക്കായി നിലയുറപ്പിക്കേണ്ട ഒരു ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല.
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ഇന്റര്‍പോള്‍ സഹായത്തോടെ ഗള്‍ഫില്‍ നിന്നും അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ച കേരളത്തിലാണ് കൊലപാതകക്കേസ് പ്രതിയായ എം.എല്‍.എയുടെ ബന്ധുവിനെ നീതിന്യായ വ്യവസ്ഥയെപ്പോലും വെല്ലുവിളിച്ച് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. നാഫ് വധക്കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ വെറുതെവിട്ട വിചാരണക്കോടതിവിധിക്കെതിരെ ശിക്ഷ നല്‍കണമൊവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലിക്കുമ്പോഴാണ് സര്‍ക്കാര്‍ നിയമം ലംഘിച്ച് പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത്.
സി. ശ്രീധരന്‍ നായരായിരുന്നു മനാഫ് വധക്കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍. അദ്ദേഹം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായിപോയതുകൊണ്ടാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ ഒഴിവുവന്നത്. രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവില്‍ക്കഴിഞ്ഞ പ്രതികള്‍ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ് ഹൈക്കോടതി 45 ദിവസത്തിനകം സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ അനുകൂല തീരുമാനമെടുക്കാന്‍ 2019 മെയ് 20തിന് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവു പ്രകാരം അഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറി നടത്തിയ വിചാരണയില്‍ സ്‌പെഷല്‍ പ്രോസിക്യട്ടറെ അനുവദിക്കാമെന്നാണ് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഡി.ജി.പി ശ്രീധരന്‍നായരുടെ എതിര്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യം തള്ളിയിരിക്കുന്നത്.
സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കാതെ സ്വന്തം പണം മുടക്കി സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന മനാഫിന്റെ കുടുംബം അറിയിച്ചത് നീതിലഭിക്കണമെന്ന ആവശ്യം കൊണ്ടാണ്.
മനാഫ് കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരന്‍ നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള 21 പ്രതികളെയും വെറുതെവിടാനുള്ള സാഹചര്യമുണ്ടാക്കിയതെന്നാണ് കുടുംബം ഉയര്‍ത്തുന്ന പരാതി. 1995ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലിട്ടാണ് മനാഫിനെ മര്‍ദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്.
മനാഫിന്റെ പിതൃസഹോദരി ഭര്‍ത്താവായിരുന്ന സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി കുറുക്കന്‍ ഉണ്ണിമുഹമ്മദിന്റെ സഹോദരന്‍ കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച പ്രശ്നത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്‍വറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം തമ്പടിച്ചതായി ഉണ്ണിമുഹമ്മദ് 1995 ഏപ്രില്‍ 12ന് രാത്രി മനാഫിന്റെ വീട്ടിലെത്തി അറിയിച്ചശേഷം മനാഫിന്റെ ഓട്ടോയില്‍ മടങ്ങിപോകുതിനിടെ ഓട്ടോ തടഞ്ഞ് അന്‍വറിന്റെ സഹോദരീ പുത്രനും കേസിലെ പ്രതിയുമായ മാലങ്ങാടന്‍ സിയാദ് ,ഉണ്ണി മുഹമ്മദിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു തടഞ്ഞ മനാഫുമായി സിയാദ് ഉന്തും തള്ളുമായി. ഇതില്‍ പ്രതികാരം തീര്‍ക്കാന്‍ പിറ്റേദിവസം പി.വി അന്‍വറിന്റെയും സിയാദിന്റെയും നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം മനാഫിന്റെ വീട്ടിലെത്തി മനാഫിന്റെ സഹോദരി അടക്കമുള്ളവരെ മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ മനാഫ് ഓട്ടോയില്‍ ഒതായി അങ്ങാടിയിലെത്തിയപ്പോള്‍ കാറിലും ജീപ്പിലും ബൈക്കുകളിലുമായെത്തിയ സംഘം മനാഫിനെ മര്‍ദ്ദിച്ചു തടയാനെത്തിയ മനാഫിന്റെ പിതാവ് ആലിക്കുട്ടിക്കും മര്‍ദ്ദനമേറ്റു. ആലിക്കുട്ടിയുടെ കണ്‍മുന്നിലാണ് മനാഫിനെ കുത്തികൊലപ്പെടുത്തിയത്.
പട്ടാപ്പകല്‍ രാവിലെ 11 മണിക്ക് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വറടക്കമുള്ള പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുള്ള ശ്രമമോ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് അതീവ ഗുരുതരമായ ആരോപണമാണ് മനാഫിന്റെ ബന്ധുക്കള്‍ തന്നെ ഇപ്പോഴത്തെ ഡി.ജി.പി ശ്രീധരന്‍നായര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.
മനാഫ് വധക്കേസില്‍ പൊതുതാല്‍പര്യമില്ലെന്നും കേസില്‍ പ്രതികളെ വെറുതെവിട്ടെന്നും പറഞ്ഞാണ് ഡി.ജി.പി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന റിപ്പോര്‍ട്ട’് നല്‍കിയത്. കേസില്‍ ശ്രീധരന്‍ നായര്‍ പ്രോസിക്യൂട്ടറായപ്പോള്‍ പൊതുതാല്‍പ്പര്യവും ശ്രീധരന്‍നായര്‍ മാറിയപ്പോള്‍ പൊതുതാല്‍പര്യം ഇല്ലാതാവുകയും ചെയ്യുന്നതെങ്ങനെയാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടിവരും. പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ പ്രതികളെ വെറുതെവിട്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കാണെന്ന യാഥാര്‍ത്ഥ്യം മറക്കരുത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറിനു വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഫേസ്ബുക്കിലൂടെ വോട്ടുപിടിച്ചെന്ന ആരോപണം നേരിട്ടയാളാണ് ഡി.ജി.പി ശ്രീധരന്‍നായര്‍. ശ്രീധരന്‍നായരുടെ ഫോസ്ബുക്ക് പോസ്റ്റ് സഹിതം നടപടിയാവശ്യപ്പെ’് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. ഈ പരാതിയില്‍ ശ്രീധരന്‍നായര്‍ക്കെതിരെ പോലീസ് ഹൈടെക് സെല്‍ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. ഈ വസ്തുതകളെല്ലാം പരിശോധിച്ചു വേണം സര്‍ക്കാര്‍ നിലപാടെടുക്കാന്‍. നീതിക്കായി ഒരു കുടുംബം 24 വര്‍ഷമായി നടത്തുന്ന നിയമപോരാട്ടെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയുകയില്ല.