കോടതിയെ കബളിപ്പിച്ചു; മനാഫ് വധക്കേസ് പ്രതി കബീറിന്റെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു

നിലമ്പൂര്‍ : കോടതിയെ കബളിപ്പിച്ച് ജാമ്യം നേടിയ മനാഫ് വധക്കേസ് പ്രതി പയ്യനാട്ട്‌തൊടിക എറക്കോടന്‍ കബീറിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് റിമാന്റ് ചെയ്തു ജയിലിലേക്കയച്ചു. ഇതോടെ 86 ദിവസത്തെ ജയില്‍വാസത്തിനുശേഷം മോചിതനായ കബീറിന് വീണ്ടും ജയിലിലേക്കു മടങ്ങേണ്ടിവന്നു.

ജാമ്യാപേക്ഷ വിധിപറയാനായി 11ലേക്കുമാറ്റി. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ച് കബീര്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നിന്നും നവംബര്‍ 23ന് ജാമ്യം നേടിയിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതും വീണ്ടും പരിഗണിക്കുന്നതും മറച്ചുവെച്ചു നേടിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതോടെ കബീറിന്റെ ജാമ്യം റദ്ദാക്കി മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ട് നവംബര്‍ 26ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പിറ്റെ ദിവസം കോടതിയില്‍ ഹാജരായ അറസ്റ്റു വാറണ്ടുള്ള കബീറിനെ റിമാന്റ് ചെയ്യാതെ കേസ് ഡിസംബര്‍ ഏഴിലേക്കു മാറ്റിയത് വിവാദമായിരുന്നു. ഈ നടപടിക്കെതിരെ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് ഹൈക്കോടതി ചീഫ്ജസ്റ്റിസിനും വിജിലന്‍സ് രജിസ്ട്രാര്‍ക്കും പരാതിയും നല്‍കി.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ച് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നിന്നും ജാമ്യം നേടിയതില്‍ ആശങ്കരേഖപ്പെടുത്തിയ ഹൈക്കോടതി കബീറിനും കൂട്ടുപ്രതി നിലമ്പൂര്‍ ജനതപ്പടി മുനീബിനും 15000 രൂപ പിഴ ശിക്ഷ വിധിക്കുകയും ഇരുവരുടെയും ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു. കോടതിയെ കബളിപ്പിച്ച ജാമ്യം നേടുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

manaf

manaf

ഇക്കാര്യങ്ങളടക്കം വിലയിരുത്തിയാണ് ഇന്നലെ കോടതിയില്‍ ഹാജരായ കബീറിനെ അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.വി നാരായണന്‍ റിമാന്റ് ചെയ്ത് ജയിലിലേക്കയച്ചത്. കബീറിന്റെ മുന്‍പാസ്‌പോര്‍്ട്ട് കണ്ടെത്താനായില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
മനാഫ് കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയ കബീര്‍ 2008 ഏപ്രില്‍ 29തിലെ കേരള ഗസ്റ്റില്‍ പരസ്യം നല്‍കിയാണ് കബീര്‍.ഇ.പി എന്ന പേര് ജാബിര്‍ ഇ.പിയാക്കി മാറ്റിയത്.

ജാബിര്‍ എന്നതാണ് പുതിയ പേരെന്ന് പോലീസിലും കോടതികള്‍ക്കു മുന്നിലും കബീര്‍ മറച്ചുവെച്ചു. ദോഹയില്‍ നിന്നാണ് ജാബിര്‍ എന്നപേരില്‍ പാസ്‌പോര്‍ട്ട് നേടിയത്. കബീര്‍ ദോഹയിലെത്തിയ പാസ്‌പോര്‍ട്ടിന്റെ വിവരങ്ങളാണ് ലഭിക്കാനുള്ളത്.

1995 ഏപ്രില്‍ 13ന് പട്ടാപ്പകലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ അടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്.

ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ ഒന്നും മൂന്നും പ്രതികളായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് , മാലങ്ങാടന്‍ ഷെരീഫ് എന്നിവരെ ഇതുവരെയും പിടികൂടിയിട്ടില്ല.

Top