മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസില്‍ 25 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 12ന് ആരംഭിക്കും. പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍മാരായ കേസിലെ ഒന്നാം പ്രതി മാലങ്ങാടന്‍ ഷെഫീഖ് സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂര്‍ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട് തൊടിക കബീര്‍ എന്ന ജാബിര്‍ എന്നിവരുടെ വിചാരണയാണ് ആരംഭിക്കുന്നത്.
പ്രമാദമായ നിരവധികേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയ സി.ബി.ഐയുടെ മുന്‍ സീനിയര്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍ അനില്‍കുമാറാണ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി ഹാജരാവുക.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രോസിക്യൂട്ടര്‍ക്കുള്ള 2006ലെ സ്വര്‍ണമെഡല്‍ ജേതാവാണ് അനില്‍കുമാര്‍. 16 വര്‍ഷത്തെ സേവനത്തിനു ശേഷം സി.ബി.ഐയില്‍ നിന്നും വിരമിക്കുകയായിരുന്നു. സി.ബി.ഐ ഡെപ്യൂട്ടി ലീഗല്‍ അഡൈ്വസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂവായിരത്തിലേറെ കേസുകളില്‍ സി.ബി.ഐക്ക് വേണ്ടി ഹാജരായ അനില്‍കുമാര്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലാണ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കിയത്.
കേണല്‍ ഉണ്ണിനായരുടെയും ഭാര്യയുടെയും കൊലപാതകം, ഫാ. ജോബ് ചിറ്റിലപ്പള്ളി വധം (2004), മലമ്പുഴയിലെ അജിന്‍വധക്കേസ് (2006), കണ്ണൂരിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന ഇരിട്ടി സൈനുദ്ദീന്‍ വധക്കേസ് (2008), പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജബ്ബാര്‍ വധക്കേസ് (2009), മുത്തൂറ്റ് പോള്‍ വധം (2009) എന്നീ കേസുകളില്‍ അനില്‍കുമാറായിരുന്നു സ്പെഷല്‍ പ്രോസിക്യൂട്ടര്‍. ഏറെ കോളിളക്കം സൃഷ്ടിച്ച അഭയകേസ്, ലാവ്ലിന്‍ കേസ്, 2005ലെ എസ്.എസ്.എല്‍.സി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് എന്നിവയുടെയും പ്രോസിക്യൂട്ടറായിരുന്നിട്ടുണ്ട്.
മനാഫ് വധക്കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ രണ്ട് തവണ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തിരുന്നില്ല. ഒടുവില്‍ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതി അലക്ഷ്യഹര്‍ജി സമര്‍പ്പിച്ചതോടെയാണ് അനില്‍കുമാറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. 1995 ഏപ്രില്‍ 13ന് ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ പതിനൊന്നരയോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്.
നിരവധി ദൃക്സാക്ഷികളുണ്ടായിരുന്ന പട്ടാപ്പകല്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെ വിചാരണക്കോടതിയായ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുക്കാനോ മറ്റു സാക്ഷികളെ വിസ്തരിച്ച് ശിക്ഷ വാങ്ങി നല്‍കാനോ ശ്രമിക്കാതെ അന്നത്തെ പ്രോസിക്യൂട്ടര്‍ സി.ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്നായിരുന്നു മനാഫിന്റെ ബന്ധുക്കളുടെ പരാതി.
കേസില്‍ പി.വി അന്‍വറിന്റെ രണ്ട് സഹോദരീപുത്രന്‍മാരടക്കം നാല് പ്രതികളെ 23 വര്‍ഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല. ഇവരെ പിടികൂടാന്‍ നടപടിയാവശ്യപ്പെട്ട് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളുടെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് അന്‍വറിന്റെ സഹോദരീപുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ് ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കീഴടങ്ങിയത്. ഒന്നാം പ്രതിയായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്‍ മാലങ്ങാടന്‍ ഷെഫീഖ് കഴിഞ്ഞ 25 വര്‍ഷമായി ദുബായില്‍ സുഖജീവിതം നയിക്കുകയായിരുന്നു. കോവിഡ് കാലത്ത് ഷാര്‍ജയില്‍ നിന്നും ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ കരിപ്പൂരിലെത്തിയപ്പോള്‍ ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വര്‍ എം.എല്‍.എയടക്കം വെറുതെവിട്ട 21 പ്രതികള്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലും സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.