മനാഫ് വധക്കേസ് പ്രതി കബീറിന് പിഴശിക്ഷ; ജാമ്യം റദ്ദാക്കിയ പ്രതിയെ ജയിലിലയക്കാതെ വിട്ടയച്ച് മഞ്ചേരി ജില്ലാ കോടതി

manaf

മലപ്പുറം : കോടതിയെ കബളിപ്പിച്ച് ജാമ്യം നേടിയ മനാഫ് വധക്കേസ് പ്രതി പയ്യനാട്ട് തൊടിക എറക്കോടന്‍ കബീറിന് ഹൈക്കോടതി പിഴശിക്ഷ വിധിച്ചപ്പോള്‍ കീഴടങ്ങാന്‍ കോടതിയിലെത്തിയ അറസ്റ്റ് വാറണ്ടുള്ള പ്രതിയെ വിട്ടയച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മറച്ചുവെച്ച് കബീര്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ നിന്നും ജാമ്യം നേടിയതില്‍ ആശങ്കരേഖപ്പെടുത്തിയാണ് ഹൈക്കോടതി 15000 രൂപ പിഴ ശിക്ഷ വിധിച്ചത്.

കോടതിയെ കബളിപ്പിച്ച ജാമ്യം നേടുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി ജഡ്ജി രാജ വിജയരാഘവന്‍ നിരീക്ഷിച്ചു. ഇക്കാര്യത്തിലുള്ള കോടതിയുടെ കടുത്ത അതൃപ്തി കബീറിന്റെ അഭിഭാഷകനെ അറിയിക്കുകയും ചെയ്തു.

അതേസമയം കോടതിയെ കബളിപ്പിച്ചതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കബീര്‍ ഇന്നലെ രാവിലെ കീഴടങ്ങാനായി
മഞ്ചേരി അഡീഷല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ഹാജരായി. ജാമ്യം റദ്ദുചെയ്യാനായി വാദിച്ച കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുള്‍റസാഖിന്റെ അഭിഭാഷകന് നോട്ടീസ് നല്‍കാതെ കേസ് കേള്‍ക്കാനാവില്ലെന്ന് ജഡ്ജി എ.വി നാരായണല്‍ അറിയിച്ചു. കേസ് ഡിസംബര്‍ ഏഴിലേക്കു മാറ്റിവെക്കുകയായിരുന്നു.

കോടതിയുടെ അറസ്റ്റു വാറന്റുള്ള പ്രതിയെ അറസ്റ്റു രേഖപ്പെടുത്തി റിമാന്റു ചെയ്യാനുള്ള നടപടി സ്വീകരിക്കാതെ വിട്ടയക്കുകയായിരുന്നു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന ഈ നടപടിക്കെതിരെ ഹൈക്കോടതി രജിസ്ട്രാറെ സമീപിക്കുമെന്ന് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് അറിയിച്ചു.

നിലവില്‍ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കവെ മനാഫ് വധക്കേസിലെ പ്രതികള്‍ക്ക് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടുപതിറ്റാണ്ട് വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പാസ്പോര്‍ട്ടും സ്പോണ്‍സറുടെ വിവരങ്ങളും പോലീസിനു കൈമാറാന്‍ തയ്യാറായില്ലെന്നും ഇവര്‍ വീണ്ടും വിദേശത്തേക്ക് രക്ഷപ്പെട്ട് വിചാരണ നീട്ടികൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന ആശങ്കയും ഉയര്‍ത്തിയാണ് ഹൈക്കോടതി കഴിഞ്ഞ മാസം 31 ന് ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്.

ഇരുവരും ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും ഹൈക്കോടതി ഇവരുടെ പഴയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതിനിടെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കബീര്‍ എന്ന പേരും ഹാജരാക്കിയ പാസ്‌പോര്‍ട്ട് ജാബിര്‍ എന്ന പേരിലുമാണ്. പിതാവിന്റെപേരിലും മാറ്റമുണ്ട്. ഹര്‍ജിയില്‍ പിതാവ് അസൈനും പാസ്‌പോര്‍ട്ടില്‍ ഹുസൈനുമാണ്.

മനാഫ് കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയ കബീര്‍ 2008 ഏപ്രില്‍ 29തിലെ കേരള ഗസ്റ്റില്‍ പരസ്യം നല്‍കിയാണ് കബീര്‍.ഇ.പി എന്ന പേര് ജാബിര്‍ ഇ.പിയാക്കി മാറ്റിയത്. ജാബിര്‍ എന്നതാണ് പുതിയ പേരെന്ന് പോലീസിലും കോടതികള്‍ക്കു മുന്നിലും കബീര്‍ മറച്ചുവെച്ചു. ജാമ്യം റദ്ദാക്കണമെന്ന ഹരജിയുമായി മനാഫിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചതോടെയാണ് ജാമ്യം അനുവദിച്ച അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടാം കോടതി തന്നെ കബീറിന്റെ ജാമ്യം റദ്ദു ചെയ്തതും.

1995 ഏപ്രില്‍ 13ന് പട്ടാപ്പകലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ അടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്.

ഈ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ അന്‍വറിന്റെ സഹോദരീപുത്രന്‍മാരായ ഒന്നും മൂന്നും പ്രതികളായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് , മാലങ്ങാടന്‍ ഷെരീഫ് എന്നിവരെ ഇതുവരെയും പിടികൂടിയിട്ടില്ല.

Top