മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എടവണ്ണ ഒതായി പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ എളമരം ചെറുവായൂര്‍ പയ്യനാട്ട്തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) എന്നിവരുടെ ജാമ്യാപേക്ഷ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാലങ്ങാടന്‍ ഷെരീഫ് (51) എന്നിവരെക്കൂടി പിടികൂടാനുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ വാദംകൂടി പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.
കഴിഞ്ഞ 23 വര്‍ഷമായി ഉന്നതരാഷ്ട്രീയ ബന്ധവും സാമ്പത്തിക സ്വാധീനവും ഉള്ള പ്രതികള്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് ഒളിവില്‍ കഴിഞ്ഞത്. രണ്ടു പേരുകളുള്ള പ്രതികള്‍ക്ക് രണ്ട് പാസ്പോര്‍ട്ടുണ്ടെന്നും ജാമ്യം നല്‍കിയാല്‍ ഇവര്‍ വീണ്ടും രക്ഷപ്പെടുമെന്നും മനാഫിന്റെ സഹോദരന്റെ അഭിഭാഷകനും വാദിച്ചിരുന്നു.
ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് കോടതിയെ സമീപിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസടക്കം ഇറക്കി പ്രതികളെ മൂന്നുമാസത്തിനകം പിടികൂടാനുള്ള നടപടി സ്വീകരിക്കാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
രണ്ടു പ്രതികളും 30ന് നാടകീയമായാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. കബീര്‍ നേരത്തെ കേസില്‍ ജാമ്യമെടുത്ത ശേഷം ഗള്‍ഫിലേക്കു മുങ്ങുകയായിരുന്നു. വിചാരണയില്‍ ഹാജരാവുകയും ചെയ്തിരുന്നില്ല. നാട്ടില്‍ ജീപ്പ് ഡ്രൈവറായിരിക്കെ മനാഫ് വധക്കേസില്‍ പ്രതിയായി ഗള്‍ഫിലേക്കു മുങ്ങിയ കബീര്‍ കോടീശ്വരനായാണ് നാട്ടില്‍ മടങ്ങിയെത്തി. മൂന്നു കോടിയുടെ മണിമാളികയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍മാരുടെ തോഴനായി വാഴുന്നത് എക്‌സ്പ്രസ് കേരള പുറത്തുവിട്ടിരുന്നു. മാധ്യമങ്ങളില്‍ പടം വരാതിരിക്കാന്‍ പൊലീസ് അറസ്റ്റു ചെയ്യാതെ കീഴടങ്ങല്‍ നാടകം നടത്തിയെന്ന് മനാഫിന്റെ സഹോദരന്‍ കോടതിയില്‍ ഉന്നയിക്കുകയും ചെയ്തു.
1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് മുന്നില്‍ ഒതായി അങ്ങാടിയില്‍ വെച്ച് ഓട്ടോഡ്രൈവറായ മനാഫ് കൊല്ലപ്പെടുന്നത്. അന്‍വര്‍ കേസില്‍ രണ്ടാം പ്രതിയായിരുന്നു. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്ന് അന്‍വറടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.