കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. കീഴടങ്ങിയ കൂട്ടു പ്രതി എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ കബീര്‍ പേരുമാറ്റി നിയമവ്യവസ്ഥയെ കബളിപ്പിച്ചതായുള്ള രേഖകള്‍ പുറത്ത്.
1995 ഏപ്രില്‍ 13ന് പട്ടാപ്പകല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കബീര്‍ കേസില്‍ ജാമ്യമെടുത്ത് വിദേശത്തേക്കു മുങ്ങിയ ശേഷമാണ് വീണ്ടും നാട്ടിലെത്തി ഗസറ്റ് വിജ്ഞാപനം നടത്തി ജാബിര്‍ എന്ന പുതിയ പേരില്‍ പാസ്പോര്‍ട്ട് നേടിയത്.
കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ പോയ കബീര്‍ 2008 ഏപ്രില്‍ 29തിലെ കേരള ഗസ്റ്റില്‍ പരസ്യം നല്‍കിയാണ് കബീര്‍ ഇ.പി എന്ന പേര് ജാബിര്‍ ഇ.പിയാക്കി മാറ്റിയത്. ജാബിര്‍ എന്നപേരില്‍ പുതിയ പാസ്പോര്‍ട്ടും സമ്പാദിച്ചു. 2015ലെ പുതുക്കിയ പാസ്പോര്‍ട്ടു പ്രകാരം ഖത്തറിലേക്കും തരിച്ചും നാല്‍പതിലേറെ യാത്രകളാണ് കബീര്‍ നടത്തിയത്.
ജാബിര്‍ എന്നതാണ് പുതിയ പേരെന്ന് പോലീസിലും കോടതികള്‍ക്കു മുന്നിലും കബീര്‍ മറച്ചുവെച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി കബീറിന്റെ പാസ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. രണ്ടുപതിറ്റാണ്ട് വിചാരണക്ക് ഹാജരാകാതെ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ പാസ്പോര്‍ട്ടും സ്പോണ്‍സറുടെ വിവരങ്ങളും പോലീസിനു കൈമാറാന്‍ തയ്യാറായില്ലെന്നും ഇവര്‍ വീണ്ടും വിദേശത്തേക്ക് രക്ഷപ്പെട്ട് വിചാരണ നീട്ടികൊണ്ടുപോകാന്‍ ശ്രമിക്കുമെന്ന ആശങ്കയും ഉയര്‍ത്തിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ ജാമ്യം നിഷേധിച്ചത്.
മനാഫിനെ കൊലപ്പെടുത്തി 23 വര്‍ഷമായിട്ടും അന്‍വറിന്റെ രണ്ട് സഹോദരീ പുത്രന്‍മാരടക്കം നാലു പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നു കാണിച്ച് മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജിയാണ് പേരുമാറ്റി നിയമത്തില്‍ നിന്നും രക്ഷപ്പെട്ടു ജീവിച്ച കബീറിനു കുരുക്കായത്.
അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് , മാലങ്ങാടന്‍ ഷെരീഫ് എന്നിവരെയും കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവരെയും ലുക്കൗട്ട് നോട്ടീസ് ഇറക്കി മൂന്നു മാസത്തിനകം പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ജൂലൈ 25ന് മലപ്പുറം ജില്ലാ പോലീസ് ചീഫിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ പാസ്പോര്‍ട്ട് രേഖപ്രകാരം ജൂലൈ എഴു മുതല്‍ കബീര്‍ എളമരം മപ്രത്തെ വീട്ടിലുണ്ടായിരുന്നു. കബീര്‍ വിദേശത്താണെന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കഴിഞ്ഞ ആഗസ്റ്റ് 30 ന് കബീറും മറ്റൊരു പ്രതിയായ മുനീബും മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലുമെല്ലാം നല്‍കിയ ജാമ്യാപേക്ഷകളിലും ജാബിര്‍ എന്ന പുതിയ പേര് കബീര്‍ മറച്ചുവെച്ചു. 85 ദിവസമായി കബീറും കൂട്ടുപ്രതി മുനീബും കോഴിക്കോട് സബ് ജയിലില്‍ റിമാന്റിലാണ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ജാമ്യാപേക്ഷയില്‍ കബീര്‍ 2015 മുതലുള്ള പാസ്പോര്‍ട്ടിന്റെ വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
23 വര്‍ഷം മുമ്പ് മനാഫിനെ കൊലപ്പെടുത്തുമ്പോള്‍ എളമരത്ത് ജീപ്പ് ഡ്രൈവറായിരുന്ന കബീര്‍ ഇന്ന് കോടീശ്വരനായ ബിസിനസുകാരനാണ്. ഖത്തറില്‍ കുടിവെള്ള വിതരണവും കോണ്‍ട്രാക്ട് ജോലികളുമടക്കം കോടികളുടെ ബിസിനസാണ് നടത്തുന്നത്. എളമരം മപ്രത്ത് മൂന്നു കോടി രൂപയുടെ മണിമാളികയിലാണ് വസിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമടക്കമുള്ളവരുമായി അടുത്ത സൗഹൃദമാണുള്ളത്.
മനാഫ് വധക്കേസില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് പി.വി അന്‍വര്‍ എം.എല്‍.എയടക്കം 21 പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. ഈ വിധി റദ്ദാക്കി പ്രതികള്‍ക്ക് ശിക്ഷനല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍.