‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് നിയന്ത്രിക്കാൻ കരട് നിയമം കൊണ്ടുവരും;രാജീവ് ചന്ദ്രശേഖര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമം ജൂണ്‍ ജൂലായ് മാസങ്ങളിലായി പുറത്തിറക്കുമെന്ന് ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖര്‍. ചൊവ്വാഴ്ച മുംബൈയില്‍ നടന്ന നാസ്‌കോം ലീഡര്‍ഷിപ്പ് സമ്മിറ്റിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  എഐയെ നിയന്ത്രിക്കാനുള്ള ചട്ടക്കൂട് ഒരുക്കുന്നതിനുള്ള ജോലിയിലാണ് സര്‍ക്കാര്‍ . ഈ വര്‍ഷം ജൂണിലോ ജൂലായിലോ അത് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയ്ക്കായി എ.ഐ ഉപയോഗപ്പെടുത്തുകയും അതേസമയം അത് ഉയര്‍ത്താനിടയുള്ള അപകടസാധ്യതകളും പ്രശ്‌നങ്ങളും പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ നമ്മള്‍ മുന്നിലാണ്. കൃഷിയിടങ്ങള്‍, ഫാക്ടറികള്‍ , ആരോഗ്യ സംരക്ഷണം, കൃഷി, കര്‍ഷക ഉല്‍പ്പാദനക്ഷമത എന്നിവയ്ക്കായെല്ലാം എഐ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തും.

അതോടൊപ്പം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള സംരക്ഷണവും ഒരുക്കും. മന്ത്രി പറഞ്ഞു. എ.ഐയെ നിയന്ത്രിക്കുന്നതിനുള്ള നിയമം രൂപീകരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ സജീവമായി നടത്തിവരുന്നുണ്ട് . കഴിഞ്ഞ വര്‍ഷം മേയിലും മന്ത്രി ഇക്കാര്യം പങ്കുവെച്ചിരുന്നു. എന്നാല്‍ അത് ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. എ.ഐയ്ക്ക് സുരക്ഷയും വിശ്വാസ്യതയും കൈകാര്യം ചെയ്യുന്ന ആഗോള ചട്ടക്കൂട് വേണമെന്ന് അദ്ദേഹം പറയുന്നു. അതേസമയം നിയമ നിര്‍മാണത്തിനുള്ള ശ്രമങ്ങള്‍ എവിടെ വരെ എത്തിയെന്നോ കരട് നിയമം എന്ന് പുറത്തിറക്കുമെന്നോ എന്നതിന് കൃത്യമായ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചില്ല.

Top